പെട്ടെന്ന് ഒരാൾ കണ്മുന്നിൽ വെന്തുമരിക്കുന്നത് കണ്ടപ്പോൾ പകച്ചുപോയി; കാഴ്ചക്കാരായി നിന്നിട്ടില്ല... നാട്ടുകാർക്ക് മുമ്പിലിട്ട് ജീതുവിനെ പെട്രോളൊഴിച്ച് ഭർത്താവ് ചുട്ടെരിച്ച സംഭവത്തിൽ വിശദീകരണവുമായി പഞ്ചായത്ത് അംഗം

സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് തൃശൂര്‍ ചെങ്ങാലൂരില്‍ കഴിഞ്ഞ ദിവസം നടന്നത്. പട്ടാപ്പകല്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ വെച്ച് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ചെങ്ങാലൂര്‍ സ്വദേശി ജീതു (29) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭര്‍ത്താവ് വിരാജ് ഒളിവില്‍ പോയി.
നിന്നുകത്തുന്ന മകളെ കണ്ട് രക്ഷിക്കണമെന്ന് യാചിച്ചിട്ടും പഞ്ചായത്തംഗം അടക്കമുള്ള ആള്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ജീതുവിന്റെ അച്ഛന്‍ ജനാര്‍ദ്ദനന്‍ ആരോപിക്കുമ്പോൾ സംഭവത്തില്‍ വിശദീകരണവുമായി പുതുക്കാട് പഞ്ചായത്തംഗം ഗീത സുകുമാരന്‍. സംഭവത്തില്‍ കാഴ്ചക്കാരായി നിന്നിട്ടില്ലെന്ന് ദൃക്‌സാക്ഷികൂടിയായ ഗീത പറയുന്നു.
പെട്ടെന്നൊരാള്‍ കണ്‍മുന്നില്‍ വെന്തുമരിക്കുന്നതുകണ്ടപ്പോള്‍ പകച്ചുപോയി. കുടുംബശ്രീ അംഗങ്ങളായ നിരവധി സ്ത്രീകളാണ് സംഭവത്തില്‍ ദൃക്‌സാക്ഷികളായിരുന്നത്. അവരെല്ലാം കാഴ്ച കണ്ട് പകച്ചുപോയി. പെട്രോള്‍ ഒഴിച്ച ഉടനെ ജീതു ഓടി, അതിനുപിന്നാലെ വിരാജും പാഞ്ഞു. ഒരാള്‍ ജീവനോടെ വെന്തുരുകുന്നതു കണ്ടപ്പോള്‍ ഒരു സ്ത്രീ കുഴഞ്ഞുവീണു. ഇവരെ താങ്ങിപ്പിടിച്ചതു താനായിരുന്നു. അതിനാല്‍ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍ സഹായിക്കാന്‍ കഴിഞ്ഞില്ലെന്നും ഗീത പറഞ്ഞു.
കഴിഞ്ഞ ദിവസം ചെങ്ങാലൂരില്‍ ആണ് ക്രൂരമായ സംഭവം നടന്നത്. കുടുംബശ്രീയുടെ വായ്പാ കുടിശികയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി വിളിച്ചുവരുത്തിയപ്പോഴാണ് ജീതുവിനെ ഭര്‍ത്താവ് വിരാജ് തീകൊളുത്തി കൊലപ്പെടുത്തിയത്. ഗീതയടക്കമുള്ള സ്ത്രീകള്‍ക്കു മുന്നില്‍ വച്ചായിരുന്നിട്ടും ആരും തടയാന്‍ ശ്രമിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. തീയണയ്ക്കുന്നതിനോ ജീതുവിനെ ആശുപത്രിയിലെത്തിക്കുന്നതിനോ ആരും സഹായിച്ചില്ലെന്ന് പിതാവ് ജനാര്‍ദ്ദനന്‍ പറയുകയും ചെയ്തു. എന്റെ മോള് നിന്നുകത്തി, യാചിച്ചിട്ടും ആരും സഹായിച്ചില്ലെന്നായിരുന്നു നെഞ്ചുപൊട്ടിയുള്ള ജനാര്‍ദനന്റെ വാക്കുകള്‍.
വിരാജിന്റെ ആക്രമണം അപ്രതീക്ഷിതമായതിനാല്‍ കുടുംബശ്രീ പ്രവര്‍ത്തകരെല്ലാം അമ്പരന്നു. നിസഹായാവസ്ഥയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുടുംബശ്രീ വായ്പയുടെ കണക്കുകള്‍ ഒത്തുനോക്കാനായി നേരിട്ടുവരാമെന്ന് പറഞ്ഞത് ജീതുവാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ജീതുവിനോടും അച്ഛന്‍ ജനാര്‍ദനനോടും സൗമ്യനായി സംസാരിച്ചുനിന്ന വിരാജ് ഇത്രയും ക്രൂരമായി പെരുമാറിയതിന്റെ ഞെട്ടലിലാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍.
https://www.facebook.com/Malayalivartha

























