രോഗികള്‍ക്ക് സൗജന്യ ക്യാന്‍സര്‍ മരുന്ന്; പാവപ്പെട്ടവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് സൗജന്യനിരക്കിലും ആരോഗ്യ ഇന്‍ഷുറന്‍സ്

രാജ്യത്തെ ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവയ്ക്കുന്ന പുതിയ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്കു സൗജന്യമായി മരുന്നു നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ നയം രൂപീകരിക്കുമെന്നും മരുന്നു ലഭ്യമാക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങളാരായുമെന്നും ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു.
പാവപ്പെട്ടവര്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു സൗജന്യനിരക്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള പദ്ധതിയും സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. പദ്ധതി ഈ സാമ്പത്തിക വര്‍ഷം പ്രഖ്യാപിച്ചു ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് ആലോചന.
ടിബി, പോളിയോ തുടങ്ങിയ രോഗങ്ങള്‍ക്കു പ്രതിരോധ മരുന്നുകള്‍ നല്‍കുന്നതിനു സമാനമായി കാന്‍സര്‍ മരുന്നു നല്‍കുന്നതും പരിഗണിക്കണമെന്നു പി.കെ. ശ്രീമതിയാണ് (സിപിഎം) ലോക്‌സഭയില്‍ ആവശ്യപ്പെട്ടത്. മരുന്നുകള്‍ ജനറിക് ആണോ അറിയപ്പെടുന്ന ബ്രാന്‍ഡുകളുടേതാണോ എന്നതിനെക്കുറിച്ചു സാധാരണക്കാര്‍ക്കു വേവലാതിയില്ല. വില താങ്ങാവുന്നതിനപ്പുറമായതു കൊണ്ടു പലപ്പോഴും ചികിത്സ മുടങ്ങുന്നു. പാവപ്പെട്ടവര്‍ക്കെങ്കിലും മരുന്നുകള്‍ സൗജന്യമായി നല്‍കണം.
ഈ നിര്‍ദേശം അടിയന്തര പരിഗണനയര്‍ഹിക്കുന്നതാണെന്നും നടപ്പാക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ തേടുമെന്നും മന്ത്രി പറഞ്ഞു. പിന്നീടു മന്ത്രിയെ സന്ദര്‍ശിച്ച ശ്രീമതി തന്റെ നിര്‍ദേശത്തിന്റെ പശ്ചാത്തലം വിശദീകരിച്ചു. കാന്‍സര്‍ കേരളത്തില്‍ ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ നിര്‍ദേശം പ്രസക്തമാണെന്നും തുടര്‍നടപടിയുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























