ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: 14 മരണം

ഛത്തീസ്ഗഡിലെ ദന്തേവാഡ, സുഖ്മ ജില്ലകളിലുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ 13 സി.ആര്‍.പി.എഫ്. സേനാംഗങ്ങള്‍ ഉള്‍പ്പെടെ 14 മരണം. സുഖ്മ ജില്ലയിലെ ചിന്തഗുഫയില്‍ ഇന്നലെ രാവിലെ 10.30 നായിരുന്നു സി.ആര്‍.പി.എഫ്. സംഘം ആക്രമിക്കപ്പെട്ടത്. മരിച്ചവരില്‍ സി.ആര്‍.പി.എഫ്. ഡെപ്യൂട്ടി കമാന്‍ഡന്റ് ബി.എസ്. വര്‍മ, അസിസ്റ്റന്റ് കമാന്‍ഡന്റ് രാജേഷ് എന്നിവര്‍ ഉള്‍പ്പെടും. 12 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ദന്തേവാഡയിലുണ്ടായ ആക്രമണത്തില്‍ ഗ്രാമമുഖ്യന്റെ മകനാണ് കൊല്ലപ്പെട്ടത്.
സുഖ്മയില്‍ വെടിവയ്പ് തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിനു നേതൃത്വം നല്‍കുന്ന അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ രാജീന്ദര്‍ കുമാര്‍ വിജ് അറിയിച്ചു. മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിലിനുശേഷം ക്യാമ്പിലേക്കു മടങ്ങുകയായിരുന്ന സി.ആര്‍.പി.എഫ്. സംഘത്തിനുനേരേ ദക്ഷിണ ബസ്തര്‍ മേഖലയിലെ വനത്തില്‍നിന്നാണ് ആക്രമണം ഉണ്ടായത്. 223, 206 ബെറ്റാലിയനില്‍പ്പെട്ട ജവാന്മാരാണു കൊല്ലപ്പെട്ടത്.
കഴിഞ്ഞ 10 ദിവസമായി 200 അംഗ പ്രത്യേക ദൗത്യസംഘം ഇവിടെ പരിശോധന നടത്തുകയായിരുന്നെന്നു സി.ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ ജനറല്‍ എച്ച്.എസ്. സിദ്ധു അറിയിച്ചു. പരുക്കേറ്റ ജവാന്മാരെ ഇന്നു ജഗദല്‍പുരിലേക്കു മാറ്റും.
കൊടുംവനത്തില്‍ പോരാട്ടം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ രാത്രിയില്‍ ജവാന്മാരെയും മൃതദേഹങ്ങളെയും നീക്കംചെയ്യുന്നതു സുരക്ഷിതമല്ലെന്നാണു വിലയിരുത്തല്‍. മേഖലയിലേക്കു കൂടുതല്‍ ജവാന്മാരെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ മാസം 21 നു മാവോയിസ്റ്റുകള്‍ ഈ മേഖലയില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിനു നേരെ ആക്രമണം നടത്തിയിരുന്നു. അന്നുണ്ടായ വെടിവയ്പില്‍ അഞ്ച് സി.ആര്‍.പി.എഫ്. ജവാന്മാര്‍ക്കു പരുക്കേറ്റിരുന്നു. ഞായറാഴ്ച രാത്രിയില്‍ ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ ഗ്രാമത്തിലെ സര്‍പഞ്ചിന്റെ മകന്‍ കൊല്ലപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























