ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ പാകിസ്താന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ പാകിസ്താന്‍ നടത്തിയ നാണംകെട്ട ശ്രമമാണു കഴിഞ്ഞദിവസം ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യസുരക്ഷയ്ക്കായി ജീവന്‍ വെടിഞ്ഞ സൈനികര്‍ നിത്യസ്മരണീയരാണെന്നു ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പങ്കെടുക്കവേ മോഡി പറഞ്ഞു.
കശ്മീരില്‍ വെള്ളിയാഴ്ച നാലിടത്തുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ പാകിസ്താനാണെന്നു വ്യക്തമായ സാഹചര്യത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോഡി കടുത്ത നിലപാടുമായി രംഗത്തെത്തിയത്. മോഡി ഇന്നു കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കേയാണു മൊഹ്‌റ, സൗറ, ഷോപിയാന്‍, ത്രാല്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. മോഡിയുടെ സന്ദര്‍ശനം മുന്‍നിശ്ചയപ്രകാരം നടക്കുമെന്നും റാലി മാറ്റിവയ്ക്കില്ലെന്നും ബി.ജെ.പി. വ്യക്തമാക്കി. ഉറി സൈനിക ക്യാമ്പ് ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരരില്‍നിന്നു കണ്ടെടുത്ത ഭക്ഷണപ്പൊതികളില്‍ പാകിസ്താന്റെ മുദ്ര കണ്ടെത്തിയിരുന്നു. പാക് സൈന്യം ഉപയോഗിക്കുന്ന തരം പായ്ക്കറ്റുകളാണ് ഏറ്റുമുട്ടല്‍ സ്ഥലത്തുനിന്നു കണ്ടെത്തിയതെന്നു മുതിര്‍ന്ന സൈനികവക്താവ് സ്ഥിരീകരിച്ചു.
ആയുധഭക്ഷ്യശേഖരമടക്കം സര്‍വസജ്ജരായാണു ഭീകരര്‍ ആക്രമണത്തിനെത്തിയത്. നീണ്ടപോരാട്ടം ലക്ഷ്യമിട്ടായിരുന്നു ഇതെന്നു സൈന്യം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ആറു ഭീകരരും മണിക്കൂറുകള്‍ക്കുള്ളില്‍ വധിക്കപ്പെട്ടു. ആറുമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ ലഫ്റ്റനന്റ് കേണലടക്കം 11 സുരക്ഷാസൈനികര്‍ വീരമൃത്യു വരിച്ചു.
കശ്മീരിലെ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി, മൂന്നുദിവസം കഴിഞ്ഞപ്പോഴാണ് ആക്രമണം. കൊല്ലപ്പെട്ട 21 പേരില്‍ ഏഴു ലഷ്‌കറെ തോയ്ബ ഭീകരരും ഉള്‍പ്പെടുന്നു. കശ്മീരിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണു ഭീകരരുടേതെന്നു കരസേനാമേധാവി ജനറല്‍ ദല്‍ബീര്‍സിംഗ് സുഹാഗും പറഞ്ഞു. ബദാമിബാഗ് കന്റോണ്‍മെന്റില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയതായിരുന്നു അദ്ദേഹം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ സുരക്ഷാസംവിധാനം ജനറല്‍ സുഹാഗ് വിലയിരുത്തി. മൂന്നാംഘട്ട വോട്ടെടുപ്പിനിടെ ചാവേര്‍ ബോംബാക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























