അയോധ്യയില്‍ രാമക്ഷേത്രം പണിയണമെന്ന് യു പി ഗവര്‍ണര്‍

അയോധ്യയില്‍ എത്രയുംവേഗം രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്കിന്റെ പ്രസ്താവന വിവാദമായി. രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണിതെന്നും എത്രയും വേഗം ആഗ്രഹം സാക്ഷാത്കരിക്കണമെന്നും അയോധ്യയ്ക്ക് സമീപമുള്ള ഫൈസാബാദിലെ അവാധ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ റാം നായിക് പറഞ്ഞു. ചടങ്ങിനുശേഷം മാധ്യമ പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോള്‍ റാം നായിക് പ്രസ്താവന ആവര്‍ത്തിച്ചു. പ്രസ്താവനക്കെതിരെ സമാജ് വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ളവര്‍ രംഗത്തെത്തി.മുന്‍പും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തി വിവാദമുണ്ടാക്കിയിട്ടുള്ള നേതാവാണ് റാം നായിക്. അയോധ്യാ പ്രശ്‌നം പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചുവര്‍ഷത്തിനകം പരിഹരിക്കുമെന്ന് റാം നായിക് നേരത്തെ പറഞ്ഞത് വിവാദമായിരുന്നു. മോദി ഇതുസംബന്ധിച്ച പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി ജെ പി എം പിയും കേന്ദ്രമന്ത്രിയും ആയിരുന്ന റാം നായിക്കിനെ ജൂലായിലാണ് ഉത്തര്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചത്.
https://www.facebook.com/Malayalivartha


























