സീരിയലുകൾ വിവാഹേതര ബന്ധങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ടെലിവിഷൻ മെഗാ സീരിയലുകൾ വിവാഹേതര ബന്ധങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം. തമിഴ്‌നാട്, കേന്ദ്ര സര്‍ക്കാരുകള്‍ക്കാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസ് എന്‍ കൃപാകരന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവാഹ ബന്ധങ്ങളിലെ തകർച്ചകൾ പഠിക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു സമിതിയെ നിയോഗിക്കാനും ഓരോ ജില്ലകളിലും കൗൺസിലിങ് സംവിധാനങ്ങൾ ഏർപ്പെടുത്താനും കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ദമ്പതികളുടെ ഇന്റര്‍നെറ്റ്, ലൈംഗിക പ്രശ്‌നങ്ങള്‍, സോഷ്യല്‍ മീഡിയ,സാമ്പത്തിക സ്വതന്ത്ര്യം എന്നിവ ദാമ്പത്യ പ്രശ്നങ്ങൾക്ക് വിലങ്ങ് തടിയാകുന്നുണ്ടോയെന്നും കണ്ടെത്തണം.
വിവാഹേതര ബന്ധങ്ങള്‍ നിരവധി സാമൂഹ്യ പ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും സമീപകാലത്തായി ഇതു പെരുകി വരികയാണെന്നും കോടതി നിരീക്ഷിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദ്ദേശം. ടിവി സീരിയലുകളും സിനിമകളും വിവാഹേതര ബന്ധങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പ്രചോദനമാവുന്നുണ്ടോയെന്നും നിരീക്ഷിക്കണം.
വിവാഹേതര ബന്ധങ്ങള്‍ മൂലമുള്ള കൊലപാതകങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതു പരിശോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha





















