അയോധ്യ - ബാബരി ഭൂമിതര്‍ക്കം; പ്രശ്നം ചര്‍ച്ചയിലൂടെ തീര്‍ക്കണമെന്ന് സുപ്രീംകോടതി; മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയമിച്ചു

അയോധ്യ - ബാബരി ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ നിർദേശിച്ചു . ഇതിനായി മൂന്നംഗ സംഘത്തെയും കോടതി നിയോഗിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി രൂപം നല്‍കിയിരിക്കുന്നത്. ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
മധ്യസ്ഥ ചര്‍ച്ചക്ക് ഒരു തടസ്സവുമില്ലെന്ന് കോടതി വ്യക്തമാക്കി. ചര്‍ച്ച രഹസ്യമായിരിക്കണം. മധ്യസ്ഥ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. ഫൈസാബാദിലാണ് ചര്‍ച്ച നടക്കുക. മധ്യസ്ഥ സംഘത്തിന് ഉത്തര്‍ പ്രദേശില്‍ സൌകര്യം ഒരുക്കണം.
ഒരാഴ്ചക്കുള്ളില്‍ ചര്‍ച്ച ആരംഭിക്കും. നാലാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ സംഘം ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം. എട്ട് ആഴ്ചക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാട് സ്വീകരിച്ചാണ് മധ്യസ്ഥചര്‍ച്ചകള്‍ക്ക് സുപ്രീംകോടതി വഴിയൊരുക്കിയിരിക്കിയത്. മധ്യസ്ഥ ചര്‍ച്ചയില്‍ ഉരുതിരിയുന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ എന്താണോ അത് സുപ്രീംകോടതിക്ക് വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അയോധ്യ- ബാബരി ക്കേസ് കേവലം ഭൂമിതര്‍ക്കകേസല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. മതപരവും വൈകാരികവുമായ വിഷയമായതിനാൽ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്നായിരുന്നു സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ നിലപാട്. ഇതാണ് അപൂര്‍വ്വമായ മധ്യസ്ഥ ചര്‍ച്ച എന്ന വഴി കോടതി തെരഞ്ഞെടുത്തത്.
മനസുകളുടെ കൂട്ടിയോജിപ്പിക്കലാണ് ചര്‍ച്ചയിലൂടെ ഉദ്ദേശിക്കുന്നതെന്നും രണ്ട് സമുദായങ്ങള്‍ക്കിടയിലെ പ്രശ്നം പരിഹരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമമാണ് വേണ്ടതെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു.
ഈ മധ്യസ്ഥ നീക്കത്തിന് കോടതി മേല്‍നോട്ടം ഉണ്ടാകും എന്നതിനാല്‍ സുന്നി വഖഫ് ബോര്‍ഡ് അടക്കമുള്ള മുസ്‍ലിം കക്ഷികള്‍ അനുകൂലിച്ചിരുന്നു. എന്നാല്‍ ഹിന്ദുപക്ഷത്തെ കക്ഷികള്‍ എതിര്‍ത്തു. രാമന്റെ ജന്മ സ്ഥലത്തിൽ വിട്ടുവീഴ്ച സാധ്യമല്ല. മുസ്‍ലിംകള്‍ക്ക് തർക്കഭൂമിക്ക് പുറത്ത് പള്ളി പണിയാം. ഇതിന് പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിച്ചു നൽകാം എന്നായിരുന്നു രാം ലല്ല വിരാജ് മാനിന്റെ നിലപാട്.
https://www.facebook.com/Malayalivartha





















