തീരുമാനം അമ്പരിപ്പിക്കുന്നത്; അയോധ്യ ബാബരി കേസില്‍ സുപ്രീം കോടതിക്കെതിരെ ആര്‍.എസ്.എസ്

അയോധ്യ - ബാബരി ഭൂമി കേസിൽ സുപ്രീം കോടതിയുടെ മധ്യസ്ഥ നീക്കത്തിനെതിരെ ആർ എസ് .എസ്. സുപ്രീം കോടതി തീരുമാനം വളരെയധികം അമ്പരിപ്പിക്കുന്നതെന്ന് അഖില ഭാരതീയ പ്രതിനിധിസഭ പ്രമേയം വിമർശിച്ചു. കേസ് ഉടൻ തീർപ്പാക്കുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നതെന്നും കേസിന് കോടതി അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നില്ലയെന്നും ആരോപിച്ച ആര്‍.എസ്.എസ് മധ്യസ്ഥതയ്ക്കുള്ള നീക്കം അത്ഭുതപ്പെടുത്തുന്നുവെന്നും പറഞ്ഞു.
ദശാബ്ദങ്ങളായി ഭൂമി തർക്ക കേസ് കോടതിയിൽ നിലനിൽക്കുന്നു. ശബരിമല സ്ത്രീ പ്രവേശനം അടക്കമുള്ള വിഷയങ്ങളിൽ സുപ്രീംകോടതി തീരുമാനമെടുത്തിട്ടുണ്ട്. അയോധ്യയുടെ കാര്യത്തിൽ തീരുമാനം നീട്ടിക്കൊണ്ടു പോകുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ല. പ്രശ്നത്തെ കോടതി ഗൗരവത്തോടെ കാണുന്നില്ലെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി.
ഹിന്ദുക്കള്‍ നിരന്തരമായി അവഗണിക്കപ്പെടുന്നു, രാമക്ഷേത്ര നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കണമെന്നും ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായുള്ളതാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണമെന്നും ആര്‍.എസ്.എസ് അഭിപ്രായപ്പെട്ടു.ആചാരങ്ങള്‍ മാനിക്കാതെയായിരുന്നു ശബരിമല വിധിയെന്നും വിമര്‍ശനത്തില്‍ ആര്‍.എസ്.എസ് ചൂണ്ടികാട്ടി.
തർക്ക ഭൂമിയിൽ ക്ഷേത്രം പണിയാൻ നിയമനിർമാണം കൊണ്ടു വരണമെന്ന് കേന്ദ്ര സർക്കാറിനോട് സംഘ്പരിവാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സുപ്രീംകോടതി പരിഗണിക്കുന്ന കേസിൽ അന്തിമ തീർപ്പ് വന്നതിന് ശേഷം വിഷയത്തിൽ ഇടപെടാമെന്ന നിലപാടിലാണ് കേന്ദ്രം.
ബാബരി ഭൂമി തർക്കം പരിഹരിക്കാൻ മൂന്നംഗ മധ്യസ്ഥ സംഘത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നലെ നിയോഗിച്ചിരുന്നു. സുപ്രീംകോടതി മുൻ ജഡ്ജി ഖലീഫുല്ലയാണ് സമിതിയുടെ അധ്യക്ഷൻ. ശ്രീ.ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പിഞ്ചു എന്നിവരാണ് സമിതി അംഗങ്ങൾ.
https://www.facebook.com/Malayalivartha





















