ലോക്‌സഭയിലെ പഴയൊരു ചിത്രം കുത്തിപ്പൊക്കി രാഹുലിനേയും കോണ്‍ഗ്രസിനേയും ട്രോളി ഇന്നസെന്റ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് സ്ഥനാര്‍ഥികള്‍ക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആളുകളിലേക്ക് എത്താനാകുമെന്നത് സാമൂഹികമാധ്യമങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട് സ്ഥാനാര്‍ഥികള്‍.
സംസാരിക്കുന്നതിനിടെ എപ്പോഴും ഹാസ്യപരാമര്‍ശങ്ങള്‍ നടത്തിയിരുന്ന ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ ഇന്നസെന്റ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെയും ട്രോളി തുടങ്ങി. ലോക്‌സഭയിലെ പഴയൊരു ചിത്രം കുത്തിപ്പൊക്കി രാഹുലിനേയും കോണ്‍ഗ്രസിനേയും ട്രോളിയിരിക്കുകയാണ് ഇന്നസെന്റ്. പാര്‍ലമെന്റില്‍ പി.കരുണാകരന്‍ എംപി പ്രസംഗിക്കുമ്പോള്‍ ഇരുന്ന് ഉറങ്ങുന്ന രാഹുല്‍ ഗാന്ധിയും പിന്നില്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഇന്നസെന്റും ഉള്‍പ്പെട്ട ചിത്രമാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഉണര്‍ന്നിരുന്നു ചാലക്കുടിക്ക് വേണ്ടി' എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.
പതിനൊന്നായിരത്തിലധികം ലൈക്കുകളും 1500 ഓളം ഷെയറുകളും ഇന്നസെന്റിന്റെ ഈ പോസ്റ്റിന് ഇതിനോടകം ലഭിച്ച് കഴിഞ്ഞു. ചാലക്കുടിയില്‍ ഇത് രണ്ടാം തവണയാണ് ഇന്നസെന്റ് മത്സരത്തിനിറങ്ങുന്നത്. 2014-ല്‍ ഇടത് സ്വതന്ത്രനായി നിന്ന് കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലത്തില്‍ പി.സി.ചാക്കോയെ പരാജയപ്പെടുത്തിയാണ് ഇന്നസെന്റ് പാര്‍ലമെന്റിലെത്തിയത്. ഇത്തവണ സിപിഎം സ്ഥാനാര്‍ഥിയായിട്ടാണ് ഇന്നസെന്റിന്റെ രംഗത്തുള്ളത്. യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹനാനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
https://www.facebook.com/Malayalivartha





















