ബിജെപിയെ പരാജയപ്പെടുത്താന്‍ കോൺഗ്രസ് കൂട്ട് വേണ്ട; കോണ്‍ഗ്രസിനെ തള്ളി ബിഎസ്പി അധ്യക്ഷ മായാവതി

ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിനായി ഏഴു സീറ്റ് മാറ്റിവച്ച കോണ്‍ഗ്രസിനെ തള്ളി ബിഎസ്പി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശില്‍ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളെ നിര്‍ത്താവുന്നതാണെന്ന് മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എസ്പി- ബിഎസ്പി സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും കോണ്‍ഗ്രസിന്റെ പ്രചാരണങ്ങളില്‍ പ്രവര്‍ത്തകര്‍ വീഴരുതെന്നും മായാവതി പറഞ്ഞു.
എസ്പി-ബിഎസ്പി-ആര്‍എല്‍ഡി കൂട്ടുകെട്ടിനായി ഏഴു സീറ്റാണ് കോണ്‍ഗ്രസ് ഒഴിച്ചിട്ടത്. ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എസ്പി നേതാവ് മുലായം സിംഗ് യാദവ് മത്സരിക്കുന്ന മെയിന്‍പുരി, അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ മത്സരിക്കുന്ന കനൗജ്, ആര്‍എല്‍ഡിയുടെ അജിത് സിംഗ്, ജയന്ത് ചൗധരി എന്നിവര്‍ മത്സരിക്കുന്ന സീറ്റുകള്‍, മായാവതി മത്സരിക്കുന്ന മണ്ഡലം എന്നിവയാണ് കോണ്‍ഗ്രസ് ഒഴിച്ചിടുന്നത്.
ഈ വര്‍ഷം തുടക്കത്തില്‍ മായാവതി-അഖിലേഷ് കൂട്ടുകെട്ട് അഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒറ്റയ്ക്കു ജനവിധി തേടുമെന്ന് അറിയിച്ചിരുന്നു. എസ്പി 37 സീറ്റിലും ബിഎസ്പി 38 സീറ്റിലും മത്സരിക്കാനാണ് എസ്പി-ബിഎസ്പി ധാരണ. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയും സഖ്യം ഒഴിച്ചിട്ടു.
നേരത്തെ, യുപിയില്‍ കോണ്‍ഗ്രസിനെ സഖ്യത്തില്‍ ചേര്‍ക്കാന്‍ ധാരണയായിരുന്നെങ്കിലും, ഡിസംബറില്‍ നടന്ന ഛത്തിസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പുകളോടെ മായാവതി കോണ്‍ഗ്രസുമായി അകലുകയായിരുന്നു.
https://www.facebook.com/Malayalivartha





















