ഒല ടാക്‌സി യാത്ര; പേടിച്ചരണ്ട യുവതിയുടെ പരാതിയില്‍ ഡ്രൈവര്‍ അറസ്റ്റില്‍

ബെംഗളുരുവില്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന അര്‍ജിത ബാനര്‍ജി (22) യുടെ പരാതിയെത്തുടര്‍ന്ന് ഒല ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ഒല ടാക്‌സിയില്‍ വച്ച് യുവതിയെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് മുഹമ്മദ് അസര്‍ദീന്‍ എന്നയാള്‍ അറസ്റ്റിലായത്.
ബെംഗളുരുവില്‍ എന്‍ജിനിയറായ അര്‍ജിതയ്ക്ക് കൊറമംഗലയിലെ സഹോദരിയുടെ വീട്ടില്‍ നിന്ന് താമസസ്ഥലത്തേക്ക് മടങ്ങാന്‍, കൊല്‍ക്കത്തയില്‍ നിന്ന് അച്ഛനാണ് ഒല ആപ്പ് വഴി കാര്‍ ബുക്ക് ചെയ്തുകൊടുത്തത്. പിന്നാലെ ഡ്രൈവറെ വിളിച്ച് സ്ഥലത്തെത്തുമ്പോള്‍ തന്നെ വിളിക്കണമെന്ന് അര്‍ജിത ആവശ്യപ്പെട്ടു. 'മാഡത്തിന് എന്നെ എപ്പോള്‍ വേണമെങ്കിലും വിളിക്കാം' എന്നായിരുന്നു ഡ്രൈവറുടെ മറുപടി. പന്തികേട് തോന്നിയെങ്കിലും ജോലിക്ക് പോകാന്‍ വൈകുമായിരുന്നതിനാല്‍ ഈ കാബില്‍ തന്നെ പോകാന്‍ അര്‍ജിത തീരുമാനിക്കുകയായിരുന്നു.
വളരെ പതുക്കെയാണ് ഇയാള്‍ കാറോടിച്ചിരുന്നത്. അതിനാല്‍ അര്‍ജിതയും മറ്റ് യാത്രക്കാരും വേഗം കൂട്ടാന്‍ ആവശ്യപ്പെട്ടു. ഇതോടെ അലക്ഷ്യമായി അമിതവേഗത്തില്‍ ഇയാള്‍ കാറോടിക്കാന്‍ തുടങ്ങി. ഇതോടെ മര്യാദക്ക് വാഹനമോടിക്കണം എന്ന് യാത്രക്കാര്‍ പറഞ്ഞു. അധികം വൈകാതെ മറ്റ് യാത്രക്കാരെല്ലാം ഇറങ്ങി, കാറില്‍ അര്‍ജിത ഒറ്റക്കായി.
ഒടുവില്‍ അര്‍ജിതക്ക് ഇറങ്ങേണ്ട സ്ഥലമായി. 200 രൂപയാണ് ഡ്രൈവര്‍ ആവശ്യപ്പെട്ടത്. ഒല മണി വഴി പണം മുന്‍കൂട്ടി അടച്ചതാണെന്ന് മറുപടി നല്‍കി. ഇതോടെ അയാള്‍ ക്ഷുഭിതനായി അധിക്ഷേപിക്കാന്‍ തുടങ്ങിയെന്ന് അര്‍ജിത പറയുന്നു.
'അച്ഛനുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു ഞാന്‍. നിങ്ങള്‍ അച്ഛനോട് സംസാരിക്കൂ എന്ന് അര്‍ജിത പറഞ്ഞു. ഫോണ്‍ പിടിച്ചുവാങ്ങി, മകളെ എവിടെയെങ്കിലും ഇറക്കിവിടുമെന്നും വില്‍ക്കുമെന്നും ഒക്കെ പറഞ്ഞു''-അര്‍ജിത പറഞ്ഞു. 'ഞാന്‍ പേടിച്ചുപോയി. കാര്‍ ലോക്ക് ചെയ്തതിനാല്‍ എനിക്ക് പുറത്തിറങ്ങാനും കഴിയുന്നുണ്ടായിരുന്നില്ല. 'നിങ്ങളുടെ മകളെ ഞാന്‍ വെട്ടിനുറുക്കും. അവളോട് 130 രൂപ തരാന്‍ പറയൂ' എന്നയാള്‍ അച്ഛനോട് അലറി.
ഒടുവില്‍ 500 രൂപ നല്‍കിയ ശേഷമാണ് അയാള്‍ ഫോണ്‍ തിരികെ നല്‍കിയത്. കാറില്‍ നിന്നിറങ്ങിയ ശേഷം ഇനി നിങ്ങള്‍ ഒരിക്കലും ഡ്രൈവ് ചെയ്യില്ലെന്ന് ഞാന്‍ അയാളോട് പറഞ്ഞു. ' നീ എവിടെയാണ് താമസിക്കുന്നത് എന്നെനിക്കറിയാം. നിന്നെ ഞാന്‍ വെറുതെ വിടില്ല'-അയാള്‍ ഭീഷണിപ്പെടുത്തി.
പിന്നീട് അര്‍ജിത നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവം ഒലയുടെ സുരക്ഷാ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ശരിയായ പ്രതികരണമുണ്ടായില്ലെന്ന് അര്‍ജിതയുടെ പിതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha