പോലീസ് കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് തരൂരിന്റെ പരാതി

സുനന്ദ പുഷ്‌ക്കറുടെ മരണത്തില്‍ പോലീസ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് ശശി തരൂര്‍ എം.പി ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ് ബസ്സിക്ക് പരാതി അയച്ചിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബറിലാണ് തരൂര്‍ ഇത്തരമൊരു പരാതി നല്‍കിയത്. ചോദ്യം ചെയ്യലിന്റെ പേരില്‍ പോലീസ് തന്റെ വേലക്കാരന്‍ നാരായണനെ ശാരീരികവും മാനസികവുമായും ഉപദ്രവിച്ചതായും ഭാര്യയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് പറയാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു.
നവംബര്‍ 11നാണ് ഇമെയില്‍ വഴി തരൂര്‍ ബസ്സിക്ക് കത്തയച്ചത്. പോലീസിന്റെ ഇത്തരം നടപടി അംഗീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്നും തരൂര്‍ കത്തില്‍ പറയുന്നു. കുറ്റം ചുമത്തുന്നതിനു വേണ്ടി നിരപരാധിയായ ഒരാള്‍ക്കൂ മേല്‍ പോലീസ് കടന്നാക്രമണം നടത്തുകയാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ തടയുന്നതിന് അടിയന്തരവും ഉചിതവുമായ നടപടി സ്വീകരിക്കണമെന്നും തരൂര്‍ കത്തില്‍ പറയുന്നു.
അന്വേഷണവുമായി താനും തന്റെ ജോലിക്കാരും ഏതു സമയവും തയ്യാറാണ്. എന്നാല്‍ അടുത്ത കാലത്ത് പോലീസ് ഓഫീസര്‍മാര്‍ തന്റെ ജീവനക്കാരോട് സ്വീകരിക്കുന്ന സമീപനം ഗൗരവസ്വഭാവമുള്ളതാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തരൂരിന്റെ കത്ത് പുറത്തുവരുന്നത്.
എന്നാല്‍ സുനന്ദയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്ന് എയിംസ് മെഡിക്കല്‍ വിഭാഗം മേധാവി സുധീര്‍ ഗുപ്ത അറിയിച്ചു. മെഡിക്കല്‍ വിഭാഗവും പതോളജി വിഭാഗവും ചേര്‍ന്നുള്ള മെഡിക്കല്‍ ബോര്‍ഡാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും താന്‍ ഒറ്റയ്ക്കല്ലെന്നും ഗുപ്ത പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























