ജനുവരിയില്‍ തുടര്‍ച്ചയായ നാലുദിവസം ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാകും

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ച് ആക്കണമെന്ന ശുപാര്‍ശ രണ്ട് വര്‍ഷമായി കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 27ന് രാജ്യമാകെ പണിമുടക്കിനൊരുങ്ങി ബാങ്ക് ജീവനക്കാര്‍. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ജനുവരി 26 റിപ്പബ്ലിക്ക് ദിനമായതിനാല്‍ അന്ന് ബാങ്കുകള്‍ക്ക് അവധിയായിരിക്കും. പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങള്‍ ആയതിനാല്‍ ആ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അങ്ങനെയാകുമ്പോള്‍ പണിമുടക്ക് ദിവസമായ 27ാം തീയതി ഉള്‍പ്പെടെ തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ (24 മുതല്‍ 27 വരെ) ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാകും.
ബെഫി, എഐബിഒസി, എന്‍സിബിഇ അടക്കം രാജ്യത്തെ ഒമ്പത് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുന്നതിനായി ബാങ്ക് മാനേജ്‌മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) 2023ല്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശുപാര്‍ശയിന്മേല്‍ നടപടിയെടുത്തില്ല.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പ്രവര്‍ത്തിദിവസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി യുഎഫ്ബിയു നടത്താനിരുന്ന പണിമുടക്ക് മാറ്റിവച്ചിരുന്നു. ജീവനക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനം എടുക്കാമെന്ന ഉറപ്പിന്മേലാണ് പണിമുടക്ക് പിന്‍വലിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ വിഷയം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും പണിമുടക്കിന് ആഹ്വാനം ചെയ്തത്.
https://www.facebook.com/Malayalivartha


























