ബി ജെ പി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിശബ്ദത; ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകത്തില്‍ വിമര്‍ശനവുമായി രാഹുല്‍

ഝാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം മനുഷ്യത്വത്തിനേറ്റ കളങ്കമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സംഭവത്തിൽ അധികാരികളുടെ നിശബ്ദത തന്നെ ഞെട്ടിക്കുന്നെന്നും രാഹുല്‍ പറഞ്ഞു. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ തബ്രെസ് അന്‍സാരിയുടെ കൊലപാതകത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ട്വിറ്ററിലൂടെയാണ് രാഹുഗാന്ധിയുടെ പ്രതികരണം. മരണാസന്നനായ യുവാവിനെ 4 ദിവസം പൊലീസ് കസ്റ്റഡിയില്‍ വച്ച നടപടി ഞെട്ടിച്ചെന്നും രാഹുല്‍ കുറിച്ചു. ബി ജെ പി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിശബ്ദതയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ഝാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ് 24കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സരി ജൂണ്‍ 22 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
തബ്രെസ് അന്‍സാരിയെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരാള്‍ അന്‍സാരിയെ മരത്തിന്‍റെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു വീഡിയോയില്‍ തബ്രെസ് അന്‍സാരിയെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം എന്നും ജയ് ഹനുമാന്‍ എന്നും വിളിപ്പിക്കുന്നുമുണ്ട്. സംഭവത്തില്‍ പ്രതികളിലൊരാളായ പപ്പു മണ്ഡാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂണെയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന തബ്രെസ് അന്‍സാരി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ഝാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.
കേസില്‍ ഇത് വരെ 11 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരാണ് കൊല്ലപ്പെട്ട തബ്രേസ് അന്‍സാരിയെ ആക്രമിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
കുടുംബാഗങ്ങള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും എസ്.പി കാര്‍ത്തിക് അറിയിച്ചു. കേസിന്റെ ഗൌരവം മേലുദ്യോഗസ്ഥരെ അറിയിക്കാത്തതില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ആക്രമിക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ തബ്രേസ് അന്‍സാരിയെ ആദ്യം പരിശോധിച്ച ഡോക്ടര്‍ അടിയന്തരമായി ചികിത്സക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടാത്തതിനെതിരെയും നടപടി വന്നേക്കും.
എന്നാല്‍ മോഷണകുറ്റം ആരോപിക്കപ്പെട്ട തബ്രീസ് അന്‍സാരിയെ കാണാന്‍ പോലീസ് അനുവദിച്ചില്ലെന്നും തങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ചികിത്സ നല്‍കാനും പോലീസ് തയ്യാറായില്ലെന്നും കുടംബാംഗങ്ങള്‍ ആരോപിച്ചു. ഝാര്‍ഖണ്ഡ് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗ് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എം.പിമാരായ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ എല്ലാ അടിയന്തര പ്രമേയങ്ങള്‍ നാളെ പരിഗണിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























