സോവൻ ചാറ്റർജി ബിജെപിയിലേക്ക്; മമത ബാനര്‍ജിയുടെ പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലെത്തുന്ന മുതിര്‍ന്ന നേതാവ്

കൊല്‍ക്കത്ത മുന്‍ മേയറും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ സോവന്‍ ചാറ്റര്‍ജിയും സവ്യസാചി ദത്ത എംഎല്‍എയും ബിജെപിയിലേക്ക്. മമത ബാനര്‍ജിയുടെ പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലെത്തുന്ന മുതിര്‍ന്ന നേതാവാണ് സോവന്‍ ചാറ്റര്‍ജി.
കഴിഞ്ഞ നവംബറില്‍ കൊല്‍ക്കത്ത മേയര്‍ സ്ഥാനം രാജിവയ്ക്കാന്‍ മമത സോവനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം മാറിനിന്നു. കുറച്ച് മാസങ്ങളായി അദ്ദേഹം ബിജെപിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ മാസം ദല്‍ഹിയില്‍ ബിജെപി നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. സോവന്‍ ഉടന്‍ പാര്‍ട്ടിയിലെത്തുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. സോവനും സവ്യസാചിയും കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയിട്ടുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ആറ് എംഎല്‍എമാരും സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഓരോ എംഎല്‍എമാര്‍ വീതവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി മിന്നുന്ന വിജയമാണ് കാഴ്ചവച്ചത്. ആകെയുണ്ടായിരുന്ന 42 സീറ്റുകളില്‍ 18 സീറ്റുകളും സ്വന്തമാക്കി.
https://www.facebook.com/Malayalivartha

























