കനത്ത സുരക്ഷാ വലയത്തിൽ കശ്മീരിൽ പാറി പറന്ന് ഇന്ത്യൻ പതാക; ഇന്ത്യൻ ചരിത്രത്തിലാദ്യമായി ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർന്നു

ഇന്ത്യൻ ചരിത്രത്തിലാദ്യമായി ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർന്നു. ജമ്മു കശ്മീർ സംസ്ഥാനത്തിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള ആദ്യ സ്വാതന്ത്യദിനത്തിൽ ശ്രീനഗർ കനത്ത സുരക്ഷാ വലയത്തിലായിരുന്നു. ശ്രീനഗറിലെ ഷേർ എ കശ്മീർ സ്റ്റേഡിയത്തിൽ ഗവർണർ സത്യപാൽ മാലിക് ദേശീയ പതാക ഉയർത്തി. ജമ്മു കശ്മീരിന്‍റെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണിതെന്ന് ഗവർണർ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.
പഞ്ചായത്തുകളിൽ പതാക ഉയർത്തണമെന്ന് എല്ലാ സർപഞ്ചുമാർക്കും ഗവർണർ പ്രത്യേക നിർദേശം നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിൽ പതാക ഉയർത്തുമെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു.
ചുവപ്പിൽ 3 വരകളും കലപ്പയും ആലേഖനം ചെയ്ത കശ്മീർ സംസ്ഥാന പതാക 1952 ൽ ആണ് നിയമസഭ അംഗീകരിച്ചത്. സംസ്ഥാനത്തെ ഓഫിസുകളിലെല്ലാം ഇന്ത്യയുടെ ദേശീയപതാകയ്ക്കൊപ്പം സംസ്ഥാന പതാകയും ഉപയോഗിക്കുന്നുണ്ടായിരുന്നു. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം സംസ്ഥാന പതാക പലയിടത്തും താഴ്ത്തി. 2015 ൽ ജമ്മു കശ്മീർ ഹൈക്കോടതി ദേശീയപതാകയ്ക്കൊപ്പം സംസ്ഥാന പതാകയും ഉപയോഗിക്കണമെന്ന് ഉത്തരവിട്ടിരുന്നു. അന്ന് അധികാരത്തിലുണ്ടായിരുന്ന പിഡിപി– ബിജെപി സർക്കാരിലെ ബിജെപി മന്ത്രിമാർ ഇതിനെ എതിർത്തു. ബിജെപി നൽകിയ അപ്പീലിലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ ഉത്തരവു റദ്ദാക്കുകയും ചെയ്തു. കശ്മീരിലെ പ്രാദേശിക പാർട്ടി നേതാക്കൾ ദേശീയപതാകയ്ക്കൊപ്പം ഇത് ഉപയോഗിച്ചു വന്നു. ഭീകരവാദ ഭീഷണിയുള്ള പുൽവാമ, കുൽഗാം, പുൽവാമ, ഷോപിയാൻ, അനന്ത്നാഗ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ദേശീയപതാക ഉയർത്തി.
നഗരത്തിലെ സുപ്രധാനകേന്ദ്രമായ ലാൽ ചൗക്കാകട്ടെ, കനത്ത സുരക്ഷാവലയത്തിലായിരുന്നു. ജമ്മു കശ്മീരിന്‍റെ ചരിത്രത്തിൽ ലാൽചൗക്കിന് നിർണായകസ്ഥാനമുണ്ട്. ഇവിടെ വച്ചാണ് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‍റു അംഗീകരിച്ചത്. പ്രത്യേക പദവി നഷ്ടമായതിന് ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിൽ അടഞ്ഞു കിടക്കുകയാണ് ലാൽ ചൗക്ക്. കനത്ത സുരക്ഷ. ചുറ്റുമുള്ള എല്ലാ കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.
സംസ്ഥാനത്തിന് പ്രത്യേക പദവി എടുത്തു കളയുകയും, രണ്ടാക്കി വിഭജിക്കുകയും ചെയ്ത സാഹചര്യത്തിൽ കൂടുതൽ പ്രകോപനം വേണ്ട എന്നാണ് ബിജെപിയും കേന്ദ്രസർക്കാരും എടുത്തിരിക്കുന്ന തീരുമാനം. കേന്ദ്ര പൊലീസ് സേനകളുടെയും ജമ്മു കശ്മീർ പൊലീസിന്‍റെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. ജമ്മു കശ്മീർ പൊലീസ് വനിതാവിഭാഗത്തിന്‍റെ പ്രത്യേക പരേഡ് ഇന്ന് നടന്നു. ബിഎസ്എഫിന്‍റെ പരേഡിന് നേതൃത്വം നൽകിയത് വനിതാ അസിസ്റ്റന്‍റ് കമാന്‍റന്‍റായ തനുശ്രീയാണ്. ജമ്മു കശ്മീരിന്‍റെ പൂർണ വികസനം നടപ്പാക്കുമെന്ന് ഗവർണർ വ്യക്തമാക്കി.
അനുച്ഛേദം 370 ഒഴിവാക്കിയതോടെ കാശ്മീരിൽ സർക്കാർ നടപ്പാക്കിയത് ആധുനിക ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്നമാണെന്നും കാശ്മീർ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചതെന്നും സ്വതന്ത്ര ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം സ്വാതന്ത്രദിനത്തിലും പാകിസ്ഥാൻ ദുഖിതരാണെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യദിനം വലിയ സന്തോഷത്തിനുള്ള അവസരമാണ്, എന്നാൽ ജമ്മു കശ്മീരിലെ നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ദുരവസ്ഥയിൽ ഇന്ന് നമ്മൾ ദു:ഖിതരാണ്, കശ്മീരി സഹോദരന്മാർക്കൊപ്പം നമ്മൾ നിൽക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നതായും ഇമ്രാൻ ഖാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കിയതിൽ പാകിസ്ഥാന്റെ പരാതികൾ അവസാനിക്കുന്നില്ല. ഇന്ത്യയുടെ തീരുമാനങ്ങലോടുള്ള കനത്ത പ്രതിഷേധങ്ങൾ ഇന്നലെ പാകിസ്ഥാനിൽ പ്രകടമായിരുന്നു.
https://www.facebook.com/Malayalivartha

























