കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായം നല്‍കണമെന്നവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി കേന്ദ്രമന്ത്രിമാര്‍ക്ക് കത്ത് നല്കി
ഉരുള്‍പൊട്ടലിലും പ്രളയത്തിലും നാശം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായം നല്‍കണമെന്നവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി കേന്ദ്രമന്ത്രിമാര്‍ക്ക് കത്ത് നല്കി. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, ഹര്‍ഷ വര്ദ്ധന്, നിതിന്‍ ഗഡ്കരി എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തില്‍ കേന്ദ്രസഹായം നല്‍കണമെന്നും കെടുതിനേരിട്ട കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികള്‍ വേണമെന്നുമാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വയനാട് എം.പിയായ രാഹുല്‍ ഗാന്ധി ഇന്ന് മണ്ഡലം സന്ദര്‍ശനത്തിനെത്തും. 12.15ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ റോഡ് മാര്‍ഗമാണ് വയനാട്ടിലെത്തുക. ഉച്ചക്ക് രണ്ടു മണിക്ക് മാനന്തവാടി തലപ്പുഴ ചുങ്കം സന്റെ് തോമസ് പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ റിലീഫ് വസ്തുക്കളുടെ വിതരണം നിര്‍വഹിക്കും.
കഴിഞ്ഞ ദിവസം അന്തരിച്ച ഐ.എന്‍.ടി.യു.സി നേതാവ് യേശുദാസിന്റെ വീട് സന്ദര്‍ശിച്ച ശേഷം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാളാട് പ്രളയബാധിതമേഖലകളിലെത്തും. വൈകീട്ട് 4.30ന് തൊണ്ടര്‍നാട് പഞ്ചായത്തിലെ മക്കിയാട് ഹില്ഫെയ്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രളയബാധിതരും പഞ്ചായത്ത് ജനപ്രതിനിധികളും ഉള്‍പ്പെടുന്ന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha