അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാർ രക്ഷപ്പെടുത്തിയ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടം അസംബ്ലി മണ്ഡലത്തിൽ വെള്ളം കുടിക്കുമെന്ന് അന്തിമവിശകലനം. . ശബരിമല കൊള്ളയിലെ അവസാന പ്രതിയും ഇന്നലെ പുറത്തിറങ്ങിയതോടെ മുൻ കേന്ദ്രമന്ത്രി വി.മുരളീധരനെ ശബരിമല അയ്യൻ ജയിപ്പിക്കുമെന്ന് കടകംപള്ളിയുടെ വിശ്വസ്തർ തന്നെ പറയുന്നു. സി പി എം തിരുവനന്തപുരം ജില്ലാ കമ്മറ്റി ആദ്യം തന്നെ തോൽക്കുമെന്ന് തീരുമാനിച്ച മണ്ഡലമാണ് കഴക്കൂട്ടം. നേമത്ത് ജയിച്ചില്ലെങ്കിലും കഴക്കൂട്ടത്ത് ബി ജെ പി ജയിക്കുമെന്ന് ബി ജെ പി നേതൃത്വവും പ്രതീക്ഷിക്കുന്നുണ്ട്.
ശങ്കർദാസ് ഉൾപ്പെടെയുള്ള ശബരിമല കൊള്ളയിലെ എല്ലാ പ്രതികളെയും സർക്കാർ രക്ഷിച്ചത് കടകംപള്ളി സുരേന്ദ്രന് വേണ്ടിയാണെന്നാണ് റിപ്പോർട്ട്.. ശബരിമല സ്വർണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിനാണ് ഒടുവിൽ ജാമ്യം ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. സ്വര്‍ണക്കൊള്ളയുമായുള്ള രണ്ട് കേസിലും ശങ്കരദാസിന് ജാമ്യം ലഭിച്ചിട്ടുണ്ട്. സ്വാഭാവിക ജാമ്യം ലഭിക്കാൻ വേണ്ടിയാണ് കുറ്റപത്രം സമർപ്പിക്കാതിരുന്നതെന്ന് വ്യക്തം.
ജനുവരി 14നാണ് ശങ്കരദാസ് അറസ്റ്റിലായത്. നേരത്തെ ആരോഗ്യ കാരണങ്ങള്‍ കാട്ടി ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും അപേക്ഷ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസുകളില്‍ അറസ്റ്റിലായ പന്ത്രണ്ടുപേരില്‍ ശങ്കരദാസ് ഒഴികെയുള്ളവര്‍ വ്യത്യസ്ത സമയങ്ങളില്‍ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ശങ്കരദാസിന് കൂടി ജാമ്യം ലഭിച്ചതോടെ സ്വർണക്കൊള്ളയിലെ എല്ലാവരും ജയിലിന് പുറത്തിറങ്ങി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാന്റ് ഡിസൈന്റെ ഫലശ്രുതിയാണ് ഇന്നലെ ഉണ്ടായത്. എല്ലാം ഒരാൾക്ക് വേണ്ടിയാണെന്ന് വിവാദമുണ്ടായ കാലത്ത് തന്നെ ജനങ്ങൾ പറഞ്ഞിരുന്നു. കടകംപള്ളിയെ രണ്ടും കൈയും വിട്ട് പിന്തുണക്കാൻ പിണറായി തീരുമാനിച്ചത് എന്തുകൊണ്ടാണ്?
കടകംപള്ളി സുരേന്ദ്രൻ പിടിക്കപ്പെട്ടാൽ സർക്കാർ പ്രതിസന്ധിയിലാകുമെന്ന് പിണറായിക്ക് അറിയാമായിരുന്നു. കേസ് എങ്ങനെയെങ്കിലും എഴുതിത്തള്ളാനായിരുന്നു പിണറായിയുടെ പദ്ധതി. അതിനുള്ള മാർഗങ്ങളാണ് സർക്കാർ തുടക്കം മുതൽ മെനഞ്ഞത്. അന്വേഷണ സംഘത്തെ സർക്കാർ കൃത്യമായി സ്വാധീനിച്ചു. എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോൾ ചില കുത്സിത മാർഗങ്ങളിലൂടെ കടകം പള്ളിയെ ഒഴിവാക്കി. ദേവസ്വം മന്ത്രി അകത്തായാൽ സ്വർണക്കൊള്ള സർക്കാരിന്റെ തലയിലിരിക്കുമെന്ന് മുഖ്യമന്ത്രിക്ക് മനസിലായി. കടകംപള്ളിക്ക് കഴക്കൂട്ടത്ത് സീറ്റ് നൽകിയതുപോലും സ്വർണക്കൊള്ളയിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കാനുള്ള അടവിന്റെ ഭാഗമായിരുന്നു. എന്നാൽ ശക്തനായ വി. മുരളീധരനെ നിർത്തിയാണ് കടകം പള്ളിയെ ബി ജെ പിനേരിട്ടത്. ഇത് കടകംപള്ളി പ്രതീക്ഷിച്ച അടവായിരുന്നില്ല.
1998-ലാണ് യുബി ഗ്രൂപ്പ് (വിജയമല്യ) ശബരിമല സന്നിധാനത്ത് സ്വർണം പൊതിഞ്ഞത് ശ്രീകോവിലിന്റെ മേൽക്കൂരയിൽ മാത്രമല്ല, ദ്വാരപാലക ശില്പങ്ങളിലും വാതിൽ പടിയിലും വാതിലിലും ഉൾപ്പെടെയായിരുന്നുവെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട് ചെയ്തിരുന്നത്.
1998-ലെ രേഖകൾ പ്രകാരം, ദ്വാരപാലക ശിൽപ്പങ്ങളിലും അതിന്റെ തെക്കുവടക്ക് മൂലകളിൽ ഘടിപ്പിച്ചിരുന്ന ചെമ്പുതകിടുകളിലുമായി ഏകദേശം 2064 ഗ്രാം സ്വർണം (ഏകദേശം 250 പവൻ) ഉണ്ടായിരുന്നു. ഇത് ഏകദേശം ഒന്നര കിലോയ്ക്ക് അടുത്ത് വരുമെന്ന് കണക്കാക്കപ്പെടുന്നു.
സ്വിറ്റ്‌സർലൻഡിൽ നിന്ന് കൊണ്ടുവന്ന 24 ക്യാരറ്റ് തങ്കബിസ്ക്കറ്റുകൾ ഉപയോഗിച്ചാണ് തൊഴിലാളികൾ സ്വർണ പണികൾ നടത്തിയതെന്ന് 1998 മുതൽ 2000 വരെ ശബരിമലയിൽ അസിസ്റ്റന്റ് എൻജിനീയർ ആയിരുന്ന ബി. കേശവദാസ് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. തോലുകൊണ്ടുള്ള ബുക്കിന്റെ പേജിൽ വെച്ച് ദിവസങ്ങളോളം അടിച്ചുപരത്തി, കനം കുറഞ്ഞ തകിടുകളാക്കിയാണ് സ്വർണം പൂശിയത്. ദ്വാരപാലക ശിൽപ്പങ്ങൾ, ശ്രീകോവിലിന്റെ സോപാനം, കൈവരി, ഘനദ്വാരം എന്നിവയെല്ലാം സ്വർണം പൊതിഞ്ഞിരുന്നു. ഇതിനെല്ലാം മഹസർ തയ്യാറാക്കിയിരുന്നു.
ദ്വാരപാലക ശിൽപ്പങ്ങളിലും ശ്രീകോവിലിന്റെ കതകുകളിലും 15-16 വരെ സ്വർണ്ണപ്പാളികൾ പതിപ്പിച്ചിരുന്നു എന്ന് ജോലി ചെയ്ത തിരുപ്പതി സ്വദേശികളായ തൊഴിലാളികൾ മൊഴി നൽകി. മുൻഭാഗത്തിന് കൂടുതൽ ശോഭ ലഭിക്കുന്നതിനായി കൂടുതൽ സ്വർണം ഉപയോഗിച്ചിരുന്നു. ശ്രീകോവിലിന്റെ മേൽക്കൂരയിൽ ഏഴ് പാളികൾ ഉപയോഗിച്ചപ്പോൾ, ദ്വാരപാലക ശിൽപ്പങ്ങളിൽ ഇതിന്റെ ഇരട്ടിയിലധികം പാളികൾ ഉപയോഗിച്ചിരുന്നുവെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
വിജയ് മല്യ സ്വർണം പൊതിഞ്ഞ ഒന്നര കിലോയോളം ഉണ്ടായിരുന്ന സ്വർണ പാളി 2019-ൽ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം പൂശാൻ കൊണ്ടുപോകുമ്പോൾ, അതിന്റെ അളവ് 394.900 ഗ്രാം മാത്രമായി ചുരുങ്ങി. യഥാർത്ഥ തങ്കപ്പാളി അല്ല 2019-ൽ സ്വർണം പൂശാൻ എത്തിച്ചത് എന്നുള്ളത് ഇതിലൂടെ വ്യക്തമാണ്. യഥാർത്ഥ തങ്കപ്പാളി എവിടെപ്പോയി, ആർക്ക് വിറ്റു, ആരാണ് വാങ്ങിയത് തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. ഈ അന്വേഷണമാണ് വഴി മുട്ടിയത്. ഇക്കാര്യം കടകംപള്ളിക്കറിയാമെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പലവട്ടം പരസ്യമായി പറഞ്ഞത്.
2019-ൽ ദ്വാരപാലക ശിൽപ്പത്തിലെ തങ്കം പൊതിഞ്ഞ ചെമ്പുതകിടുകൾ അശ്രദ്ധമായും നിരുത്തരവാദപരമായും സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണം പൂശാൻ കൊടുത്തുവിട്ട ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായി വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കി.. മുരാരി ബാബു, സുധീഷ് കുമാർ, എസ്. ജയശ്രീ, കെ. സുനിൽകുമാർ, എസ്. ശ്രീകുമാർ, കെ.എസ്. ബൈജു, ആർ.ജി. രാധാകൃഷ്ണൻ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തിയത്.എന്നാൽ ഇവരെല്ലാം ഒരു പൊടി മണ്ണു പോലും വീഴാതെ പുറത്തിറങ്ങി.
മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ദ്വാരപാലക ശിൽപ്പങ്ങളിലെ ചെമ്പ് തകിടുകൾ സ്വർണം പൊതിഞ്ഞതാണെന്ന് അറിയാമായിരുന്നിട്ടും, 2019-ൽ വെറും ചെമ്പ് തകിടുകൾ എന്ന് എഴുതി, വസ്തുതാവിരുദ്ധമായ ശുപാർശ ദേവസ്വം ബോർഡിലേക്ക് നൽകി. 2024-ലും ദ്വാരപാലക ശിൽപ്പങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കണമെന്ന് വീണ്ടും നിയമവിരുദ്ധമായ ശുപാർശ നൽകി ബോർഡിനെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മഹസർ എഴുതിയ സമയം സ്ഥലത്തില്ലാതിരുന്നവരുടെ പേര് ഉൾപ്പെടുത്തി ശില്പങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൊടുത്തുവിട്ടതായി ഡി. സുരേഷ് കുമാറിനെതിരെ റിപ്പോർട്ടിൽ ആരോപിക്കുന്നു. ബോർഡ് മിനിറ്റ്‌സിൽ എഴുതിയിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ദ്വാരപാലക ശിൽപ്പങ്ങളിലെ ചെമ്പുതകിടുകൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവ് നൽകിയത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയാണ്.
സ്വർണം പൊതിഞ്ഞ തകിടുകളാണ് ദ്വാരപാലക ശിൽപ്പങ്ങളിൽ എന്ന് അറിയാമായിരുന്നിട്ടും, വെറും ചെമ്പ് തകിടുകൾ എന്ന് എഴുതി തയ്യാറാക്കിയ മഹസറുകളിൽ സാക്ഷിയായി ഒപ്പിട്ട് തകിടുകൾ സ്പോൺസർക്ക് കൊടുത്തുവിടാൻ ഇടയാക്കിയെന്ന് അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന കെ. സുനിൽകുമാിനെതിരെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന എസ്. ശ്രീകുമാറിനെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്.
2019-ൽ ലോഹപാളികൾ സ്പോൺസർക്ക് ഇളക്കി കൊടുക്കുന്ന സമയം സ്ഥലത്തെത്തി മേൽനോട്ടം വഹിക്കാതിരിക്കുകയും തിരുവാഭരണം കമ്മീഷണർ ഓഫീസ് സ്മിത്തിനെയോ മറ്റാരെയോ നിയോഗിക്കാതിരിക്കുകയും ചെയ്ത് ചുമതലയിൽ വീഴ്ച വരുത്തിയ മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്. ബൈജുവിനെതിരെയും വിജിലൻസ് ഗുരുതര വീഴ്ച ചൂണ്ടിക്കാണിക്കുന്നു.
2019 ഓഗസ്റ്റ് 29-ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിയ മുൻ തിരുവാഭരണ കമ്മീഷണർ ആർ.ജി. രാധാകൃഷ്ണൻ അവിടെ കണ്ടത് ചെമ്പുപാളികൾ മാത്രമാണെന്നും തങ്കത്തിന്റെ അംശം കണ്ടില്ലെന്നും സംശയം പ്രകടിപ്പിച്ചെങ്കിലും ലോഹപാളികളുടെ തൂക്കമെടുക്കുന്ന സമയം മുൻ മഹസറുമായി ഒത്തു നോക്കിയില്ലെന്ന് വിജിലൻസ് കുറ്റപ്പെടുത്തി.
ഹൈകോടതിയുടെ അനുമതിയില്ലാതെ ദ്വാരപാലകശിൽപ പാളികൾ പുറത്തുകൊണ്ടുപോയെന്ന ശബരിമല സ്പെഷല്‍ കമീഷണറുടെ റിപ്പോർട്ടോടെ പുറത്തുവന്ന വിവാദം എത്തിനിൽക്കുന്നത്, നടന്നത് വൻ കൊള്ളയെന്ന കണ്ടെത്തലിലാണ്. വിവാദം തുടങ്ങി 34 ാംദിവസം ക്രൈം ബ്രാഞ്ച് കേസെടുത്തു. സെപ്റ്റംബർ ഏഴിന് രാത്രി ശബരിമല ശ്രീകോവിലിന്‍റെ ഇരുവശങ്ങളിലെയും ദ്വാരപാലക ശിൽപങ്ങളിലെ സ്വര്‍ണം പൂശിയ പാളികള്‍ ഇളക്കിയെടുത്തതോടെയാണ് തട്ടിപ്പിന്‍റെ ചുരുളഴിയുന്നത്. പിറ്റേന്ന് ഇവ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെയാണ് കോടതി അനുമതി വാങ്ങാതെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികൾക്ക് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്ന് ശബരിമല സ്പെഷല്‍ കമീഷണര്‍ ആര്‍. ജയകൃഷ്ണന്‍ ഹൈകോടതിക്ക് റിപ്പോര്‍ട്ട് നൽകിയത്.
ശബരിമലയിലെ അറ്റകുറ്റപ്പണികള്‍ക്ക് ഹൈകോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം ലംഘിച്ചെന്നായിരുന്നു റിപ്പോർട്ട്. ഇതിൽ ഇടപെട്ട ഹൈകോടതി ദേവസ്വം ബെഞ്ച്, തുടർപരിശോധനകളിൽ ഇതേ ശിൽപപാളികൾ 2019ൽ സ്വർണം പൂശിയതിനുശേഷം തിരികെ കൊണ്ടുവന്നപ്പോൾ 4.147 കിലോ കുറഞ്ഞതായി കണ്ടെത്തി. ഇതോടെ സമഗ്ര അന്വേഷണത്തിന് ദേവസ്വം വിജിലൻസിന് കോടതി നിർദേശം നൽകി.
ഇതിനിടെ, ദ്വാരപാലക ശിൽപങ്ങൾക്കായി നിർമിച്ചുനൽകിയ താങ്ങുപീഠം കാണാതായെന്ന വാദവുമായി സെപ്റ്റംബർ 17ന് ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തെത്തിയത് വലിയ ചർച്ചയായി. സെപ്റ്റംബർ 28ന് പീഠങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വീട്ടിൽനിന്ന് തന്നെ ദേവസ്വം വിജിലൻസ് കണ്ടെടുത്തു. ഇതോടെ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയിലേക്കായി. ഇതിന്‍റെ തുടർച്ചയായാണ് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കവർന്നുവെന്ന കണ്ടെത്തൽ.
2019ൽ സ്വർണം പൂശാൻ ചെമ്പ് പാളികളാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നായിരുന്നു ദേവസ്വം രേഖകൾ. ലഭിച്ചത് ചെമ്പാണെന്ന്, ഉണ്ണികൃഷ്ണൻ പോറ്റിയും ആവർത്തിച്ചു. എന്നാൽ, 1999ൽ വിജയ് മല്യ സ്വർണം പതിപ്പിച്ച പാളികളാണ് നൽകിയതെന്ന്, ദേവസ്വം വിജിലൻസ് കോടതിക്ക് റിപ്പോർട്ട് നൽകി. പിന്നാലെ, 1999ൽ വിജയ് മല്യ സ്വർണം പതിപ്പിച്ച ശ്രീകോവിൽ കട്ടിളകളും ചെമ്പെന്ന് രേഖപ്പെടുത്തി കടത്തിയതായി വ്യക്തമായി. ഇതിനൊടുവിലാണ് തട്ടിപ്പ് പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിലെത്തി നിൽക്കുന്നത്. ശബരിമലയിലെ സ്വർണം കടത്താൻ ദേവസ്വം ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി കണ്ടെത്തിയിട്ടുണ്ട്. മഹസ്സറിൽ ചെമ്പെന്ന് രേഖപ്പെടുത്തിയ 2019ലെ അഡ്മിനിസ്ട്രേഷൻ ഓഫിസർ മുരാരി ബാബുവിനെ ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾ ജയിലിലായി. പിന്നീട് പുറത്തിറങ്ങി.
സ്വർണപ്പാളി തട്ടിപ്പിൽ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന്‍റെ കണക്കുകളിലും പൊരുത്തക്കേട് കണ്ടെത്തി. ദ്വാരപാലക ശിൽപത്തിൽ 1999ൽ വിജയ് മല്യ 1546 ഗ്രാം സ്വർണം പതിപ്പിച്ചതായാണ് ദേവസ്വം രേഖകൾ. എന്നാൽ, ഇവ വീണ്ടും സ്വർണം പൂശാൻ എത്തിച്ചപ്പോൾ രാസലായനിയിൽ മുക്കി ചെമ്പും സ്വർണവും വേർതിരിച്ചെന്ന് അവകാശപ്പെടുന്ന സ്മാർട്ട് ക്രിയേഷൻസ്, ദ്വാരപാലകശിൽപ പാളികളിൽനിന്ന് 577 ഗ്രാം സ്വർണം ലഭിച്ചെന്നാണ് വിജിലൻസിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ പാളികളിലുണ്ടായിരുന്ന ഒരുകിലോയോളം സ്വർണം എങ്ങനെ നഷ്ടമായെന്ന ദുരൂഹത തുടരുകയാണ്. സ്വർണം പൂശിയ പാളികൾ സ്വീകരിക്കില്ലെന്ന് ആവർത്തിച്ച സ്മാർട്ട് ക്രിയേഷൻസാണ് പിന്നീട്, ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പാളികൾ ഉരുക്കി സ്വർണം വേർതിരിച്ചതായി മൊഴി നൽകിയത്. ദേവസ്വം വിജിലൻസിന് മൊഴി നൽകിയതിനുമുമ്പ് ഉണ്ണികൃഷ്ണൻ പോറ്റി ഇവരുമായി ബന്ധപ്പെട്ടതിന്‍റെ സൂചനകളും പുറത്തുവന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളികൾ നൽകിയ ഉന്നതരെ രക്ഷിക്കാനുള്ള നീക്കമാണോ ഇതെന്നും സംശയമുണ്ട്. സ്ഥാപനത്തെക്കുറിച്ചും വിശദ അന്വേഷണം വേണമെന്ന് ദേവസ്വം വിജിലൻസ് നിർദേശിച്ചിട്ടുണ്ട്.
കാണാതായ സ്വർണത്തിൻറെ വ്യാപ്തി ഇനിയും കൂടുമെന്നാണ് വിവരങ്ങള്‍. ദേവസ്വം വിജലിൻസിന്റെ അന്തിമ റിപ്പോർട്ടിൽ ശബരിമലയിൽ നിന്ന് കാണാതായത് 989 ഗ്രാം സ്വർണം അഥവാ 124 പവനാണ്. സ്മാർട്ട് ക്രിയേഷൻസ് സി.ഇ ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ കണക്ക്. എന്നാൽ, ’98ൽ യുബി ഗ്രൂപ് നൽകിയതിൽ ദ്വാരപാലക ശിൽപങ്ങൾ പൊതിയാൻ ഉപയോഗിച്ചത് ഒന്നര കിലോ സ്വർണമാണ്. 2019ൽ ചെന്നെയിൽ ഉരുക്കിയപ്പോൾ ദ്വാരപാലക ശിൽപങ്ങളിൽനിന്ന് കിട്ടിയതായി സ്മാർട്ട് ക്രിയേഷൻസ് പറയുന്നത് 577 ഗ്രാം മാത്രം. ബാക്കി ഒരു കിലോയോളം സ്വർണം എവിടെ അപ്രത്യക്ഷമായി. ഇതിന് പുറമെ വശങ്ങളിലെ ഏഴ് പാളികൾ ഉരുക്കി വേർതിരിച്ചപ്പോൾ 409 ഗ്രാം സ്വർണം കിട്ടിയെന്നാണ് സ്മാർട്ട് ക്രിയേഷൻസ് വാദം. ’98ൽ പാളികൾ പൊതിയാൻ എത്ര സ്വർണം ഉപയോഗിച്ചു എന്നതിന് കൃത്യമായ രേഖകളില്ല. ഇത് രണ്ടും ചേർക്കുമ്പോൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം ഒന്നര ക്കിലോയലധികം സ്വർണം വേണം. പക്ഷെ അന്തിമ റിപ്പോർട്ടിൽ പറയുന്നത് അരക്കിലോയിൽ താഴെസ്വർണം മാത്രമെന്ന്. അപ്രത്യക്ഷമായ കൂടുതൽ സ്വർണം കണ്ടെത്തലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ മുന്നിലെ വെല്ലുവിളി.
ശബരിമല സ്വർണക്കൊള്ളയിൽ രണ്ട് എഫ്.ഐ.ആര്‍ ക്രൈംബ്രാഞ്ച് എടുത്തു.. ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും ദേവസ്വം ഉദ്യോഗസ്ഥരെയും അടക്കം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് രണ്ടുകേസുകളെടുത്തത്. ദ്വാരപാലക ശിൽപപാളി, കട്ടിള എന്നിവയിൽനിന്നും സ്വർണം കവർന്നതിന് വെവ്വേറെ കേസുകളാണ് എടുത്തിരിക്കുന്നത്. ദ്വാരപാലക ശിൽപപാളി കേസില്‍ 10 പ്രതികളും കട്ടിള കേസില്‍ എട്ടു പ്രതികളുമാണുള്ളത്. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ശബരിമല സ്വര്‍ണക്കവര്‍ച്ചയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ അന്വേഷണം എസ് ഐ ടി ഊർജ്ജിതമാക്കി. ആദ്യം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുത്തു. വ്യത്യസ്ത ടീമുകളായി തിരിഞ്ഞ് ചെന്നൈയിലേക്കും, ബംഗളൂരുവിലേക്കും ഉള്‍പ്പെടെ എസ്.ഐ.ടി അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ, അറ്റകുറ്റപ്പണി കഴിഞ്ഞ ദ്വാരപാലക ശില്‍പപാളികള്‍ അമിക്കസ്ക്യൂറി പരിശോധിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും രംഗത്തെത്തി. സ്വർണം ഉരുക്കിയെടുത്ത സ്മാർട്ട് ക്രിയേഷൻസിൽ പരിശോധന നടത്താൻ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ചെന്നൈയിലെത്തി.
അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലാണ് ശബരിമല സന്നിധാനത്തെ പരിശോധന തുടരുന്നത്. സ്ട്രോങ് റൂം പരിശോധനയടക്കമാണ് നടക്കുന്നത്.
ഇതേസമയം ശബരിമലയിലെ സ്വർണക്കൊള്ള കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീങ്ങി. . കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്.ഐ.ആറിൽ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കി. കേസിലെ 8-ാം പ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ്. 2019 ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണപ്പാളികള്‍ ഇളക്കി എടുത്തതെന്ന് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആർ പറയുന്നു. തുടർന്ന് ശബരിമല സന്നിധാനത്ത് നടന്ന സ്വർണക്കൊള്ളയിൽ നിർണ്ണായക വഴിത്തിരിവുണ്ടായി. സന്നിധാനത്തെ ദ്വാരപാലക പാളികളിലും കട്ടിളപ്പാളികളിലും സ്വർണക്കൊള്ള നടന്നതായി ഹൈക്കോടതി നിരീക്ഷിച്ചു. ഇതുവരെ നടന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ( എസ്‌ഐടി) അന്വേഷണത്തിലാണ് സ്വർണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുന്നത്.
സന്നിധാനത്തെ പാളികളിൽ നിന്ന് മുൻപുണ്ടായിരുന്ന സ്വർണ പ്ലേറ്റുകൾ കൊള്ളയടിക്കപ്പെട്ടുവെന്നും പകരം സ്വർണം വളരെ നേർത്ത രീതിയിൽ പൂശിയ ഡ്യൂപ്ലിക്കേറ്റ് പാളികളാണ് ഇപ്പോൾ ഉള്ളതെന്നും ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മൂന്ന് പേരുടെ പങ്കാളിത്തം വ്യക്തമായതായി കോടതി പറഞ്ഞു. എന്നിട്ടാണ് പ്രതികൾ നിഷ് പ്രയാസം ഇറങ്ങിപോയത്. ഇതെല്ലാം ഒരാൾക്ക് വേണ്ടിമാത്രമാണെന്ന് വിശ്വസിക്കുന്ന സി പി എം നേതാക്കൾ നിരവധിയുണ്ട്. അതുകൊണ്ടുകൂടിയാണ് കടകംപള്ളി തോൽക്കുമെന്ന് കഴക്കൂട്ടത്തുകാർ ആവർത്തിക്കുന്നത്.
https://www.facebook.com/Malayalivartha


























