മേഡ് ഇന്‍ ഇന്ത്യ... കളിയാക്കിയവര്‍ക്ക് മുമ്പില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം നല്‍കിയത് മോദിയുടെ ആലിംഗനം; തലകുനിച്ച് നിന്ന ശാസ്ത്രജ്ഞരെ ഹൃദയത്തോട് ചേര്‍ത്ത് വച്ചപ്പോള്‍ ഉണ്ടാക്കിയ ഊര്‍ജം ചെറുതല്ല; മറ്റൊരു സോഫ്റ്റ് ലാന്‍ഡിങ് ദൗത്യത്തിന് ഉടന്‍ രൂപരേഖ തയ്യാറാക്കും

ചാന്ദ്രയാന്‍ രണ്ടിന്റെ പരാജയം മുന്നില്‍ കണ്ടതോടെ ശാസ്ത്രജ്ഞര്‍ ശരിക്കും തലകുനിച്ചു പോയി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിളിച്ചിരുത്തി വിജയകഥ ലോകത്തോട് പറയാനിരുന്ന ശാസ്ത്രജ്ഞര്‍ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു സിഗ്നല്‍ നഷ്ടപ്പെട്ടത്. എന്നാല്‍ പരാജയത്തില്‍ പതറാതെ മോദി ശാസ്ത്രജ്ഞര്‍ക്ക് കരുത്ത് പകരുകയാണ് ചെയ്തത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവനെ മോദി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത് ലോക മാധ്യമങ്ങള്‍ വാഴ്ത്തുകയും ചെയ്തു. അതിന്റെ ഫലം ഇപ്പോള്‍ കാണുകയാണ്.
വിക്രം ലാന്‍ഡര്‍ ദൗത്യം പാളിയതിനു മുന്നില്‍ തളരാതെ മറ്റൊരു സോഫ്റ്റ് ലാന്‍ഡിങ് ദൗത്യത്തിന് ഐഎസ്ആര്‍ഒ ഉടന്‍ രൂപരേഖ തയ്യാറാക്കും. ഓര്‍ബിറ്റര്‍ ഇല്ലാത്ത ദൗത്യമായിരിക്കുമിത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ത്തന്നെ ലാന്‍ഡര്‍ ഇറക്കിയുള്ള പര്യവേക്ഷണമാകുമിത്.
കാര്യങ്ങള്‍ വേഗത്തിലാക്കി അടുത്ത വര്‍ഷം പകുതിക്കുശേഷം വിക്ഷേപണം നടത്താനാണ് നടപടി. ചാന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങിയെങ്കിലും പിന്നോട്ടില്ലെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. ചാന്ദ്രപ്രതലത്തിന് 300 മീറ്റര്‍വരെയുള്ള വ്യക്തമായ ഡാറ്റകള്‍ ലഭിച്ചിട്ടുണ്ട്. ഇവ പഠനവിധേയമാക്കിയായിരിക്കും അടുത്ത ലാന്‍ഡര്‍ പദ്ധതി.
ശനിയാഴ്ച ചാന്ദ്രപ്രതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. ഇനിയുള്ള ഒരാഴ്ച നിര്‍ണായകമാണ്. അതിനിടെ ഓര്‍ബിറ്ററിന്റെ പഥം കുറെക്കൂടി താഴ്ത്തി സന്ദേശം ലാന്‍ഡറിലേക്ക് അയക്കാനുള്ള ആലോചനയും ഉണ്ട്. എന്നാല്‍, ഇതിനോട് ഭൂരിപക്ഷം ശാസ്ത്രജ്ഞര്‍ക്കും യോജിപ്പില്ല.
ഓര്‍ബിറ്റര്‍ അപകടത്തിലാകാനുള്ള സാധ്യത ഏറെയായതിനാലാണിത്. വിക്രം ലാന്‍ഡര്‍ ദൗത്യം പാളിയതിനെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്മാര്‍, ഉപഗ്രഹ സാങ്കേതികരംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ സമിതിയിലുണ്ടാകും.
ചന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെവെച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെയാണ് എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് ലാന്‍ഡര്‍ അപ്രത്യക്ഷമായത്. ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് വ്യക്തമാക്കിയ ഐഎസ്ആര്‍ഒ മാധ്യമങ്ങളോട് ബെംഗളൂരുവിലെ ആസ്ഥാനത്ത് നിന്ന് ഉടന്‍ മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എന്തുകൊണ്ട് വിക്രം ലാന്‍ഡര്‍ ക്രാഷ് ലാന്‍ഡ് ചെയ്തുവെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്. അത് കണ്ടെത്താനാണ് സമിതിയെ നിശ്ചയിച്ചത്.
978 കോടിയുടെ ചന്ദ്രയാന്‍ പദ്ധതി 90.95 ശതമാനം ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കിയെന്നാണ് ഐഎസ്ആര്‍ഒ പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിഎസ്എല്‍വി റോക്കറ്റുകള്‍ പരാജയപ്പെട്ടപ്പോള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഉടന്‍തന്നെ മാധ്യമങ്ങളെ അഭിസംബോധന ചെയ്തിരുന്നു. റോക്ക് ദൗത്യം പരാജയപ്പെടാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിച്ച് ചെയര്‍മാന്‍ സംസാരിച്ചെന്നും മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവനാണ് വ്യക്തമാക്കിയത്. മണിക്കൂറുകള്‍ നീണ്ട ആശങ്കയില്‍ നിന്ന് താല്‍ക്കാലിക മോചനമുണ്ടായെങ്കിലും ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഓര്‍ബിറ്റര്‍ ചന്ദ്രോപരിതലത്തിലുള്ള വിക്രമിന്റെ ഒരു തെര്‍മല്‍ ചിത്രമാണ് പകര്‍ത്തിയത്. സോഫ്റ്റ് വെയറിലുണ്ടായ പിഴവാണോ മറ്റ് സാങ്കേതിക തകരാറുകളാണോ ഇതിന് പിന്നിലെന്നത് സംബന്ധിച്ച സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. എല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തി കൂടുതല്‍ കരുത്തോടെ മുന്നേറാനാണ് ഐഎസ്ആര്‍ഒ നീക്കം.
https://www.facebook.com/Malayalivartha