മകള്‍ക്ക് സ്ത്രീധനം നല്‍കാനായി 50,000 രൂപയ്ക്ക് മരുമകളുടെ കുഞ്ഞിനെ വിറ്റു

മകളുടെ വിവാഹത്തിന് സ്ത്രീധനം നല്‍കുന്നതിനായി വൃദ്ധ 15 ദിവസം പ്രായമുള്ള മകന്റെ കുട്ടിയെ 50,000 രൂപയ്ക്ക് വിറ്റു. മകളുടെ വിവാഹം നടത്തുന്നതിനായി തന്റെ അമ്മായി അമ്മ 15 ദിവസം പ്രായമായ തന്റെ കുഞ്ഞിനെ വിറ്റുവെന്ന് കുട്ടിയുടെ അമ്മയായ റുക്‌സാന ഖത്തൂന്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഖത്തൂന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.
ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ചെയിന്‍പൂര്‍ വാജിദ് വില്ലേജിലാണ് സംഭവം. റുക്‌സാനയുടെ ഭര്‍ത്താവ് സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്യുന്ന ദിവസക്കൂലിക്കാരനാണ്. സംഭവം പുറത്തുവന്നതിനെത്തുടര്‍ന്ന് കുറ്റാരോപിതരായ അമ്മായി അമ്മയും മകളും ഗ്രാമം വിട്ടുപോയി. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പോലീസ് പറയുന്നതിപ്രകാരമാണ്: റുക്‌സാന കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ പോയപ്പോള്‍ കൂടെ വരാന്‍ അമ്മായി അമ്മ നിര്‍ബന്ധം പിടിച്ചു. അമ്മായി അമ്മ കുട്ടിയുമായി ഡോക്ടറുടെ ക്ലിനിക്കിലേയ്ക്ക് കയറിപോയെന്നും തിരിച്ചുവന്നത് വെറുംകൈയോടെയാണെന്നും റുക്‌സാന പരാതിയില്‍ പറയുന്നു. കുഞ്ഞെവിടെ എന്നു ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ വിവാഹത്തിന് സ്ത്രീധനം നല്‍കുന്നതിനായി കുട്ടിയെ വിറ്റുവെന്നായിരുന്നു മറുപടിയത്രെ.
മതിയായ സ്ത്രീധനം നല്‍കാത്തതിന് തന്നെ നിരന്തരം അമ്മായി അമ്മ കുറ്റപ്പെടുത്താറുണ്ടെന്നും റുക്‌സാന പരാതിയില്‍ പറയുന്നു. തരാനുള്ള സ്ത്രീധന തുകയ്ക്ക് പകരമായാണ് കുഞ്ഞിനെ വിറ്റതെന്ന് അമ്മായി അമ്മ റുക്‌സാനയോട് പറയുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























