ചൗഹാനെ വെട്ടാന്‍ മിശ്ര; അവസാനനിമിഷം വരെ ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങളെല്ലാം ഫലം കാണാതെ വന്നതിനെ തുടര്‍ന്ന്, വിശ്വാസ വോട്ടെടുപ്പിനു മുമ്പെ തന്നെ മുഖ്യമന്ത്രിസ്ഥാനം കമല്‍നാഥിന് ഒഴിയേണ്ടി വന്നു; 15 വര്‍ഷത്തെ പാര്‍ട്ടിയുടെ ആധിപത്യത്തിനു തടയിട്ട കമല്‍നാഥിനെ വെറും 15 മാസത്തിനുള്ളില്‍ അധികാരത്തില്‍ നിന്നും പുറത്താക്കാനായെങ്കിലും ബിജെപി പാളയത്തിലും കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന് റിപ്പോര്‍ട്ട്

അവസാന നിമിഷം വരെ ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങളെല്ലാം ഫലം കാണാതെ വന്നതിനെ തുടര്‍ന്ന്, വിശ്വാസ വോട്ടെടുപ്പിനു മുമ്പെ തന്നെ മുഖ്യമന്ത്രിസ്ഥാനം കമല്‍നാഥിന് ഒഴിയേണ്ടി വന്നു. കമല്‍നാഥിന്റെ തന്ത്രങ്ങള്‍ക്കെല്ലാം മറുതന്ത്രമൊരുക്കി ബിജെപി മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനം അനിവാര്യമാക്കുകയും ചെയ്തു. 15 വര്‍ഷത്തെ പാര്‍ട്ടിയുടെ ആധിപത്യത്തിനു തടയിട്ട കമല്‍നാഥിനെ വെറും 15 മാസത്തിനുള്ളില്‍ അധികാരത്തില്‍ നിന്നും പുറത്താക്കാനായെങ്കിലും ബിജെപി പാളയത്തിലും കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിക്കസേരയിലേക്ക് ആര് എന്ന ചോദ്യം ബിജെപിയില്‍ പുകയുന്നുവെന്നാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന സൂചനകള്‍.
ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളായ നരോത്തം മിശ്രയും ശിവരാജ് സിംഗ് ചൗഹാനും മുഖ്യമന്ത്രി സ്ഥാനത്തിനായി കരുക്കള്‍ നീക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിയായ ചൗഹാനൊപ്പമാണ് കേന്ദ്ര നേതൃത്വമെന്നാണ് സൂചന. ജനപിന്തുണയും ചൗഹാനൊപ്പമാണ്. അതിനാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് ശിവരാജ് സിങ് ചൗഹാന് തന്നെയാണ് സാധ്യത കൂടുതല്‍. എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ ഇഷ്ടക്കാരുടെ പട്ടികയില്‍ ശിവരാജ് പിന്നിലായതാണ് ഏക പ്രതികൂലഘടകം.
അതേസമയം, കേന്ദ്ര ആഭ്യന്ത്രരമന്ത്രി അമിത് ഷായുടെ അടുപ്പക്കാരനും ബിജെപി ചീഫ് വിപ്പുമായ നരോത്തം മിശ്രയാണു ശിവരാജിന്റെ എതിര്‍ ക്യാംപിലെ പ്രമുഖന്‍. അതുപോലെ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയെ കേന്ദ്രമന്ത്രിസഭയുടെ ഭാഗമാക്കുമ്പോള്‍, തോമറിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുമെന്നും സൂചനയുണ്ട്. അങ്ങനെയെങ്കില്‍, മുഖ്യമന്ത്രിയായി തോമര്‍ വന്നേക്കും. തോമര്‍ ആയിരുന്നു ഭോപ്പാലില്‍ തങ്ങി കമല്‍നാഥ് സര്‍ക്കാരിന്റെ പതനത്തിനുള്ള ചരട് വലിച്ചിരുന്നത്. അതുപോലെ ആര്‍എസ്എസ് പ്രതിനിധിയായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മയും രംഗത്തുണ്ട്.
അതേസമയം, സിന്ധ്യയെ ദേശീയ തലത്തിലേക്കാണ് ബിജെപി കൊണ്ടുവരുന്നതെങ്കിലും മധ്യപ്രദേശില്‍ നിന്നും പൂര്‍ണമായി മാറിനില്‍ക്കാന്‍ അദ്ദേഹം മാറാന്‍ തയ്യാറായേക്കില്ല. കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച 22 എംഎല്‍എമാര്‍ ചൗഹാനൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സിന്ധ്യയുടെ കളമറിഞ്ഞുള്ള രാഷ്ട്രീയ കൗശലമുള്ള ചുവടുവെപ്പാണ്. ഇതോടെ 22 എംഎല്‍എമാരേയും ഉപതിരഞ്ഞെടുപ്പില്‍ നിര്‍ത്തി മത്സരിപ്പിക്കേണ്ടത് ചൗഹാന്റെ ബാധ്യതയാവും. ഇവര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് പുതിയ ബിജെപി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ കഴിയുന്ന ഘട്ടത്തില്‍ ഈ വിമതരെ ഉപയോഗിച്ച് ഭരണത്തെ നിയന്ത്രിക്കുകയാണ് സിന്ധ്യ ലക്ഷ്യമിടുന്നത്.
എന്നാല്‍ അമിത് ഷാ, കോണ്‍ഗ്രസില്‍ നിന്നും വന്ന 22 എംഎല്‍മാരേയും മത്സരിപ്പിക്കണമെന്ന ആവശ്യത്തിന് വഴങ്ങണമെന്നില്ല. എങ്കില്‍ ഇവര്‍ സ്വതന്ത്രരായി മത്സരിക്കാന്‍ തയ്യാറായേക്കും. സിന്ധ്യയുടെ എല്ലാ വിധ പിന്തുണയും ഈ വിമതര്‍ക്കുണ്ടാവും. ഇത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും. അങ്ങനെ പുതിയ ബിജെപി സര്‍ക്കാര്‍ വീഴുന്ന ഘട്ടം വന്നാല്‍ സിന്ധ്യ വീണ്ടും വിഷയത്തില്‍ ഇടപെടും. അതോടെ സര്‍ക്കാരിനെ നിലനിര്‍ത്തിയ ഹീറോ എന്ന ഇമേജും ബിജെപിക്കുള്ളില്‍ ലഭിക്കുമെന്നാണ് സിന്ധ്യയുടെ കണക്കുകൂട്ടല്‍.
അതേസമയം, മറുവശത്ത് കലിയടങ്ങാത്ത മനസുമായി കമല്‍നാഥ് അവസരം പാര്‍ത്ത് നില്‍ക്കുകയാണ്. രാജിവച്ച കോണ്‍ഗ്രസ് വിമതരുടെ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലായിരിക്കും കമല്‍നാഥിന്റെ കണ്ണ്. സിന്ധ്യയുടെ ശക്തികേന്ദ്രമായ ഗ്വാളിയര്‍, ചമ്പല്‍ മേഖലകളിലെ മണ്ഡലങ്ങളാണിവ. കോണ്‍ഗ്രസില്‍ നിന്നെത്തിയ 22 പേര്‍ക്കും മത്സരിക്കാന്‍ വീണ്ടും ടിക്കറ്റ് നല്‍കുക ബിജെപിക്ക് എളുപ്പമല്ല. അവരുടെ പ്രമുഖ നേതാക്കളായ നരേന്ദ്ര സിങ് തോമര്‍, നരോത്തം മിശ്ര എന്നിവര്‍ ഈ മേഖലകളില്‍ നിന്നുള്ളവരാണ്. അവരുടെ അനുയായികളില്‍ ചിലരെ സ്ഥാനാര്‍ഥികളാക്കേണ്ടി വരും. സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെടുന്ന വിമതര്‍ കലാപക്കൊടി ഉയര്‍ത്തുമെന്നും അതു കോണ്‍ഗ്രസിനു ഗുണം ചെയ്യുമെന്നും കമല്‍നാഥ് കണക്കുകൂട്ടുന്നു.
അതേസമയം, ഒഴിഞ്ഞു കിടക്കുന്ന 3 സീറ്റുകള്‍ ഉള്‍പ്പെടെ 25 സീറ്റുകളില്‍ 6 മാസത്തിനകം നടക്കുന്ന ഉപതിരഞ്ഞെടുപ്പിലായിരിക്കും ഇനി മധ്യപ്രദേശിന്റെ രാഷ്ട്രീയ ഭാവി. നിലവില്‍ നിയമസഭയുടെ അംഗസംഖ്യ 205 ആയി താഴ്ന്നി്ട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കേവല ഭൂരിപക്ഷത്തിനു വേണ്ടത് 103 അംഗങ്ങളുടെ പിന്തുണയാണ്. സ്വതന്ത്രരെയും സഖ്യകക്ഷികളെയും കൂട്ടിയാലും കോണ്‍ഗ്രസിന് 99 എംഎല്‍എമാരുടെ പിന്തുണയേയുള്ളൂ. നിലവില്‍ ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്. അതുകൊണ്ട് സ്വാഭാവികമായും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശം ഉന്നയിക്കാനാകും. എങ്കിലും 6 മാസത്തിനകം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ 10 സീറ്റുകളിലെങ്കിലും വിജയിച്ചില്ലെങ്കില്‍ പുതിയ ബിജെപി സര്‍ക്കാരിന്റെ നിലനില്‍പ്പും പ്രതിസന്ധിയിലാകും.
https://www.facebook.com/Malayalivartha
























