രാജ്യം കേരളത്തെ കണ്ടുപഠിക്കൂ എന്ന് അഹമ്മദാബാദ് മിറര്‍; കൊവിഡ് 19നെ നേരിടാൻ കേരളം സ്വീകരിച്ച നടപടികളെ പ്രശംസിച്ച് ഗുജറാത്ത് പത്രം

കൊവിഡ് 19 വൈറസ് ബാധയെ ഫലപ്രദമായി നേരിടുന്നതിൽ രാജ്യം കേരളത്തെ മാതൃകയാക്കണമെന്ന് ഗുജറാത്ത് പത്രം. അഹമ്മദാബാദില്‍ വിതരണം ചെയ്യുന്ന ഇംഗ്ലീഷ് പത്രമായ അഹമ്മദാബാദ് മിറര്‍ ആണ് കേരള മോഡലിനെ രാജ്യം മാതൃകയാക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊവിഡ് 19 ലോകമാകെയും രാജ്യത്തും പടര്‍ത്തുന്ന ആശങ്കകളെ കുറിച്ചാണ് എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ ആദ്യം പരാമര്‍ശിക്കുന്നത്.
രോഗവ്യാപനം തടയുന്നതിൽ കേരളം സ്വീകരിച്ച മാര്‍ഗങ്ങള്‍ രാജ്യത്തിന് മാതൃകയാക്കാമെന്ന് വ്യക്തമാക്കുന്നു. ഇന്ത്യ, കേരളത്തെ പകര്‍ത്തൂ എന്ന തലക്കെട്ടാണ് ലേഖനത്തിന് നൽകിയിരിക്കുന്നത് . കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സംബന്ധിച്ച വിവരങ്ങളും ലേഖനത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ എംപി എം ബി രാജേഷ് ലേഖനം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.
കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തിലാണ് അതിജീവനത്തിന്റെ സാമ്പത്തിക പാക്കേജ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത് . 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സാധാരണ ജനജീവിതം ദുസഹമായ സാഹചര്യത്തിൽ സാമ്പത്തിക രംഗവും തകര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പയാണ് ലഭ്യമാക്കുന്നത്.
കുടുംബങ്ങള്‍ക്കാണ് അത് ലഭ്യമാവുക. ഒപ്പം ഏപ്രില്‍, മേയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടിയുടെ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നു . രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. 50 ലക്ഷത്തില്‍പരം ആളുകള്‍ക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നത് . ബിപിഎല്ലുകാരില്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭ്യമാകാത്തവർക്ക് 1000 രൂപ വീതവും നല്‍കുമെന്നും അതിനായി 100 കോടി രൂപ വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാര്‍ക്കും ഒരു മാസത്തെ സൗജന്യ ഭക്ഷ്യധാന്യം നല്‍കും. അതിനായി നൂറ് കോടി രൂപയാണ് ആവശ്യം . ഒപ്പം 20 രൂപക്ക് ഭക്ഷണം നൽകുന്ന ഹോട്ടലുകളും ആരംഭിക്കും. സെപ്റ്റംബറില്‍ ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഈ സാഹചര്യത്തില്‍ ഏപ്രിലില്‍ തന്നെ തുറക്കാനാണ് തീരുമാനം.
ഹെല്‍ത്ത് പാക്കേജിന്റെ ഭാഗമായി 500 കോടി രൂപ വകയിരുത്തുകയാണ്. അതിനൊപ്പം വിവിധ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുള്ള കുടിശികകള്‍ ഏപ്രിലില്‍ തന്നെ കൊടുത്ത് തീര്‍ക്കും. ഓട്ടോ, ടാക്സിക്കാരുടെ നികുതിയില്‍ ആലോചന നടത്തുമെന്നും അവര്‍ക്കുള്ള ഫിറ്റ്നെസ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . തീയറ്ററുകള്‍ക്കുള്ള വിനോദ നികുതിയിലും ഇളവ് നല്‍കും. കൊവിഡ് 19 വ്യാപനം തടയാന്‍ സൈന്യ, അര്‍ദ്ധസൈന്യ വിഭാഗങ്ങള്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവരുമായി ചര്‍ച്ച നടത്തിയതായും പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha
























