ലക്ഷദ്വീപില്‍ നാലുകോടിയിലേറെ വിലവരുന്ന കടല്‍വെള്ളരി പിടിച്ചെടുത്ത കേസ് സിബിഐ അന്വേഷിക്കും

വൈല്‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഓഫ് ഇന്ത്യ(ഡബ്ലിയുസിസിബി)യുടെ നിര്‍ദേശാനുസരണം, ലക്ഷദ്വീപില്‍ നാലുകോടിയിലേറെ വിലവരുന്ന കടല്‍വെള്ളരി പിടികൂടിയ സംഭവത്തില്‍ കേസ് അന്വേഷണം സിബിഐക്ക് നല്‍കി. സിബിഐയുടെ ഡല്‍ഹി വിഭാഗത്തിനാണ് കേസ് അന്വേഷണച്ചുമതല.
ലക്ഷദ്വീപുമായി ബന്ധപ്പെട്ട കടല്‍ വന്യജീവി കുറ്റകൃത്യങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ അന്വേഷിക്കുന്നതും ഡബ്ലിയുസിസിബിയാണ്. വനം പരിസ്ഥിതി വകുപ്പ് സെക്രട്ടറിയും ലക്ഷദ്വീപ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനുമായ എ.ടി. ദാമോദരന്‍ പങ്കെടുത്ത യോഗത്തില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിട്ടുണ്ട്. ഇതോടൊപ്പം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് സംഭവങ്ങളും സിബിഐ അന്വേഷിക്കും.
അന്വേഷണ ഉദ്യോഗസ്ഥരായി എസ്പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ അന്വേഷണം സിബിഐയുടെ ഹെഡ്ക്വാര്‍ട്ടര്‍ ഓഫിസിന്റെ നേരിട്ടുള്ള ചുമതലയിലായിരിക്കും നടക്കുക. ഡിഐജി റാങ്കിലുള്ള ഓഫിസറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
ലക്ഷദ്വീപിലെ വന്യജീവി കേസുകളുടെ രാജ്യാന്തര പ്രാധാന്യവും ദ്വീപ് നിലനില്‍പില്‍ കടല്‍വെള്ളരി ഉള്‍പ്പടെയുള്ളവയുടെ പങ്കും കണക്കിലെടുത്താണ് കേസ് അന്വേഷണം സിബിഐയെ ഏല്‍പിച്ചിരിക്കുന്നത്. കോടികള്‍ വിലവരുന്ന കടല്‍വെള്ളരിയും ബോട്ടുകളും പിടിച്ചെടുത്ത ലക്ഷദ്വീപ് വനം, ഫിഷറീസ്, പൊലീസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ടാണ് സിബിഐ പുതിയ ദൗത്യം ഏറ്റെടുത്തത്. കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആഴക്കടലില്‍ പവിഴപ്പുറ്റിനൊപ്പം കാണപ്പെടുന്ന കടല്‍ വെള്ളരി കൂടുതലായി കണ്ടുവരുന്നത് ആന്‍ഡമാനിലും ലക്ഷ്ദ്വീപ് ദ്വീപ സമൂഹങ്ങളിലുമാണ്. പവിഴപ്പുറ്റ് എക്കോ സിസ്റ്റത്തില്‍ ഒഴിവാക്കാനാവാത്ത ഘടകമായാണ് കടല്‍ വെള്ളരിയെ കണക്കാക്കുന്നത്. മാലിന്യങ്ങള്‍ ഭക്ഷിച്ച് കടല്‍ വൃത്തിയാക്കി കടല്‍ വെള്ളത്തിന്റെ സുതാര്യത നിലനിര്‍ത്തുന്നതില്‍ ഇവ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. അതിനാല്‍ കള്ള ക്കടത്തുകാര്‍ ആയിരക്കണക്കിന് കടല്‍ വെള്ളരിയെ പിടികൂടുന്നത് കടലിന്റെ സംതുലിതാവസ്ഥയെ ബാധിക്കുകയും പവിഴപ്പുറ്റുകളുടെ നിലനില്‍പ് അസാധ്യമാകുമെന്നുമാണ് വിദഗ്ധര്‍ വിശദീകരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 12-നാണ് ലക്ഷദ്വീപ് ദ്വീപ സമൂഹത്തിലെ സുഹലി എന്ന ദ്വീപില്‍ കയറ്റി അയയ്ക്കാന്‍ തയാറാക്കിയ 852 കിലോ കടല്‍ വെള്ളരി പിടികൂടിയത്. ലോകത്തിലെ ഏറ്റവും വലിയ കടല്‍വെള്ളരി വേട്ടയായിരുന്നു ഇത്. മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സീ കുക്കുംബര്‍ പ്രൊട്ടക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ശ്രീലങ്കയിലേയ്ക്ക് കയറ്റി അയയ്ക്കുന്നതിന് പ്രിസര്‍വ് ചെയ്ത നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. രാജ്യാന്തര വിപണിയില്‍ ഉണങ്ങാത്ത കടല്‍വെള്ളരി കിലോയ്ക്ക് 50,000 രൂപയിലധികം വിലയുണ്ട്. അന്വേഷണത്തില്‍ കടല്‍ വെള്ളരി വേട്ടയ്ക്ക് പിന്തുണ നല്‍കിയ പ്രാദേശികര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ പിടിയിലായിരുന്നു.
https://www.facebook.com/Malayalivartha
























