കൊവിഡ് 19; സാമൂഹിക അകലം പാലിക്കുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിൽ ഒരാൾ കുത്തേറ്റ് മരിച്ചു; 23 വയസ്സുകാരൻ അറസ്റ്റിൽ

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതിനെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. ഉദഗമണ്ഡലം നൊണ്ടിമേട് സ്വദേശിയായ ആർ. ജ്യോതിമണി (35)യാണ് മരമടഞ്ഞത് . ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഊട്ടിയിലെ പച്ചക്കറി ചന്തയിൽ കയറ്റിറക്കു തൊഴിലാളിയാണ് ജ്യോതിമണി . സംഭവത്തിൽ 23 വയസ്സുകാരനായ ദേവദാസിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാൾ പാലക്കാട് സ്വദേശിയാണ്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ചന്തക്ക് സമീപമുള്ള ചായക്കടയിൽ ചായ കുടിക്കാനെത്തിയതായിരുന്നു ജ്യോതിമണി. കൊവിഡ് 19 രോഗബാധയിൽ തനിക്ക് ആശങ്കയുണ്ടെന്നും അതിനാൽ സുരക്ഷിതമായ അകലം പാലിക്കാനും ജ്യോതിമണി ദേവദാസിനോട് ആവശ്യപ്പെടുകയായിരുന്നു . ഇതിനെതുടർന്ന് ഇവർ തമ്മിലുണ്ടായ തർക്കം ഗുരുതരമായ വഴക്കിലെത്തുകയായിരുന്നു. ജ്യോതിമണി ദേവദാസിനെ അടിക്കാൻ ശ്രമിച്ചപ്പോൾ കടയിൽ നിന്ന് കത്തിയെടുത്ത് ദേവദാസ് ജ്യോതിമണിയെ കുത്തുകയായിരുന്നു . സംഭവസ്ഥലത്ത് വച്ച് തന്നെ ജ്യോതിമണി മരിച്ചു. ഉടനടി പൊലീസ് സംഭവസ്ഥലത്തെത്തുകയും ദേവദാസിനെ കൊലപാതകകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം ഇവർ തമ്മിലുണ്ടായ വഴക്കിന്റെ യഥാർത്ഥ കാരണം അവ്യക്തമാണെന്ന് നീലഗിരി പൊലീസ് സൂപ്രണ്ട് വി ശശി മോഹൻ പറഞ്ഞു. ദേവദാസ് തൊട്ടടുത്ത് നിന്നപ്പോൾ ജ്യോതിമണി എതിർത്തതാണ് വഴക്കിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























