പുറത്തിറങ്ങുന്നവര്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റുന്നു. പിന്നില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍.

വീടുകളില്‍നിന്ന് പുറത്തുപോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മൂക്കും വായും മറയുന്ന വിധത്തിലുള്ള മാസ്‌ക്കാണ് ഉപയോഗിക്കേണ്ടത്. വീടിനു പുറത്തിറങ്ങുന്നവര്‍, പ്രത്യേകിച്ച് ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഇതിനായി വീട്ടില്‍ ലഭ്യമായ വൃത്തിയുള്ള തുണി ഉപയോഗിച്ച് മാസ്‌ക് നിര്‍മിക്കുന്നതെങ്ങനെയെന്ന കാര്യവും മാര്‍നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, രോഗബാധിതരോ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉള്ളവരോ ആയവര്‍ ഇത്തരം വീട്ടില്‍നിര്‍മിച്ച മാസ്‌ക് ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അങ്ങനെയുള്ളവരും കോവിഡ് 19 രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകരും പൂര്‍ണമായും സുരക്ഷാക്രമീകരണങ്ങള്ളുള്ള മാസ്‌ക് തന്നെ ധരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, മറ്റുള്ളവര്‍ക്കാണ് വീടുകളില്‍ നിര്‍മിക്കുന്നതും പുനരുപയോഗിക്കാന്‍ സാധിക്കുന്നതുമായ തുണിയുടെ മാസ്‌ക് സംബന്ധിച്ച മാര്‍ഗനിര്‍ദേശം ബാധകമാകുക. എന്നാല്‍ ഒരാള്‍ ഉപയോഗിച്ച മാസ്‌ക് മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ല. ഒരേ കുടുംബത്തില്‍ തന്നെ ഉള്ളവരാണെങ്കിലും ഓരോരുത്തരും വെവ്വേറെ മാസ്‌ക് ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കോവിഡ്-19 രോഗികളും അവരുമായി അടുത്ത് ഇടപഴകുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ പുതിയ പഠനങ്ങളുടെ പശ്ചാത്തലത്തില്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായി കേരളത്തിലും ജനങ്ങളോട് മാസ്‌ക് ധരിക്കുന്നത് ശീലമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതുവരെ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നത്, രോഗികളുമായോ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായോ ഇടപഴകുന്നവര്‍ മാസ്‌ക് ധരിക്കണം എന്നായിരുന്നു. ചുമയോ, തുമ്മലോ, ജലദോഷമോ ഉള്ളവരും മാസ്‌ക് ധരിക്കണം. ഈ സാഹചര്യങ്ങളിലല്ലാത്ത ആരോഗ്യവാനായ ഒരാള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടന സ്വീകരിച്ചിരുന്ന നിലപാട്. ഇതുതന്നെയാണ് ഇന്ത്യയടക്കം മിക്കരാജ്യങ്ങളും എടുത്തിരുന്ന സമീപനം. എന്നാല്‍, രോഗിയുടെ സ്രവകണങ്ങളിലൂടെ വൈറസിന് കൂടുതല്‍ ദൂരത്തേക്ക് സഞ്ചരിക്കാനാവും എന്ന പുതിയ കണ്ടെത്തലാണ് മാസ്‌ക് ഉപയോഗത്തിന്റെ പ്രസക്തിയിലേക്ക് വിരല്‍ചൂണ്ടിയത്. കൂടാതെ, രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും വൈറസ് ബാധയേറ്റവരില്‍ നിന്ന് വലിയ തോതില്‍ രോഗവ്യാപനമുണ്ടാകുമെന്ന കണ്ടെത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ പുനപരിശോധന.
കേംബ്രിഡ്ജിലെ മാസച്യൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പഠനപ്രകാരം, രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ആറുമുതല്‍ എട്ടുമീറ്റര്‍വരെ അകലത്തില്‍ വൈറസ് എത്താനിടയുണ്ട്. അങ്ങനെയെങ്കില്‍ ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്ന ഒരുമീറ്റര്‍ എന്ന സുരക്ഷിത അകലം മതിയാകാതെ വരും. ഈ സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗം കൂടുതല്‍ പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ടെന്ന നിഗമനത്തിലേക്ക് വിദഗ്ധര്‍ മാറുന്നത്. കൂടുതല്‍ പഠനങ്ങളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ ലോകാരോഗ്യസംഘടനയും നിലപാട് മാറ്റിയേക്കാം. പക്ഷേ മാസ്‌കുകളുടെ ക്ഷാമമാണ് ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനയെയും ആരോഗ്യപ്രവര്‍ത്തകരെയും അലട്ടുന്നകാര്യം. അതേസമയം, മാസ്‌ക് ധരിച്ചാലും സോപ്പോ സാനിറ്റൈസറോ ഉപയോഗി്ച്ച് കൈകള്‍ ശുചിയാക്കിയാലേ ശരിയായ പ്രയോജനമുള്ളൂവെന്നും ലോകാരോഗ്യസംഘടന കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിത നിലപാട് തന്നെയാണ് ഇന്ത്യയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇതുവരെ സീകരിച്ചുവരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശകനായ കെ.വിജയ്രാഘവന്‍ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. രോഗവ്യാപനം നിയന്ത്രിക്കാന്‍ മാസ്‌ക് ഉപയോഗം പ്രോല്‍സാഹിപ്പിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് വീടുകളില്‍ നിന്ന് പുറത്തു പോകുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. വീടുകളില്‍ ഉണ്ടാക്കുന്നതും പുനരുപയോഗിക്കാവുന്നതുമായ മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















