കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനിടയിലും മഹാകുംഭമേളയ്ക്ക് 375 കോടി ; കേന്ദ്രസർക്കാർ വിവാദത്തിൽ

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ പിന്തുണ തേടുകയും വിദേശസഹായം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ ഹരിദ്വാറില്‍ നടക്കുന്ന മഹാകുംഭമേളയ്ക്ക് 375 കോടി രൂപ അനുവദിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലോക്ക്ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്കുവേണ്ടി കൂടുതല്‍ സഹായ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും നിലനില്‍ക്കെയാണിത്.
അടുത്ത വര്‍ഷം ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയ്ക്ക് ധനമന്ത്രാലയമാണ് തുക അനുവദിച്ചത്. 2021 ജനുവരി 15 മുതല്‍ മാര്‍ച്ച് നാല് വരെയാണ് കുംഭമേള ഹരിദ്വാറില്‍ നടക്കുന്നത്. എന്നാൽ ഇതോക്കിനോടകം തന്നെ കൊവിഡ് പ്രതിരോധത്തിനിടെ മേളയ്ക്ക് പണം അനുവദിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.സാധാരണ നടപടി മാത്രമാണിതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
മഹാകുംഭമേളയില്‍ ഏകദേശം 15 കോടി ജനങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു. കുഭംമേള നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഏകദേശം 1,000 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. റോഡുകള്‍, വൈദ്യുതി, ജലവിതരണം, മെഡിക്കല്‍ സൗകര്യങ്ങള്‍, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങി അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് ഈ തുക ചെലവഴിക്കുക.
അതേസമയം കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 17,287 കോടി രൂപ അനുവദിച്ചു. ദുരന്ത നിവാരണ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് 11,092 കോടിയും റവന്യൂ കമ്മിയിലേക്ക് 6,195 കോടിയുമാണ് അനുവദിച്ചത്. ആന്ധ്രപ്രദേശ്, കേരളം, പഞ്ചാബ്, തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് 14ാം ധനക്കമ്മീഷന്റെ നിര്‍ദേശ പ്രകാരം റവന്യൂ കമ്മി ഗ്രാന്റ് നല്‍കി. അതേസമയം, ദുരന്ത നിവാരണ ഫണ്ട് അഡ്വാന്‍സ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കി.
സംസ്ഥാന ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ ഉപയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 14ന് സംസ്ഥാന ദുരിതാശ്വാസ ഫണ്ട് ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ക്വാറന്റൈന്‍ സൗകര്യം, പരിശോധന, ലബോറട്ടറി, സുരക്ഷാ സാമഗ്രികള്‍, തെര്‍മല്‍ സ്‌കാനേഴ്‌സ്, വെന്റിലേറ്റര്‍, ആശുപത്രി വികസനം എന്നിവക്കാണ് പണം ചെലവഴിക്കേണ്ടത്.
https://www.facebook.com/Malayalivartha