സ്വകാര്യ ലാബുകളിലെ സൗജന്യ പരിശോധന: ഉത്തരവ് പരിഷ്‌കരിച്ച് സുപ്രീം കോടതി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു മാത്രം സൗജന്യ പരിശോധന

കോവിഡ് പരിശോധന അംഗീകൃത സ്വകാര്യ ലാബുകളിലും സൗജന്യമായി നടത്തണമെന്ന ഏപ്രില്‍ 8-ലെ ഉത്തരവ് സുപ്രീം കോടതി പരിഷ്‌കരിച്ച് ഉത്തരവിറക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു മാത്രം സൗജന്യ പരിശോധന അനുവദിച്ചാല്‍ മതിയെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. സൗജന്യ പരിശോധന ലഭ്യമാക്കുന്നതിന്റെ ചെലവ് താങ്ങാനാവില്ലെന്നു സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. ചെലവുകള്‍ താങ്ങാന്‍ സാധിക്കുന്നവര്‍ക്കു പരിശോധന സൗജന്യമാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സുപ്രീം കോടതി വിശദീകരിച്ചു.
ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ദേശീയ പ്രതിസന്ധിയുടെ ഘട്ടത്തില്‍ സേവനം ലഭ്യമാക്കി രോഗവ്യാപനം തടയുന്നതില്‍ സ്വകാര്യ ലാബുകളും ആശുപത്രികളും പ്രധാന പങ്ക് വഹിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി കോവിഡ് പരിശോധന സൗജന്യമാക്കണമെന്ന് ഉത്തരവിട്ടത്. സ്വകാര്യ ലാബുകള്‍ പരിശോധനയ്ക്ക് 4,500 രൂപവരെ ഈടാക്കുന്നുവെന്നും ഇതു താങ്ങാന്‍ ഭൂരിപക്ഷം ജനത്തിനും സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി ശശാങ്ക് ദേവ് സുധി എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
ഓര്‍ത്തോപീഡിക് സര്‍ജന്‍ കൗശല്‍ കാന്ത് മിശ്ര ഉള്‍പ്പെടെ രണ്ടു പേര്‍ ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. എല്ലാവര്‍ക്കും പരിശോധന സൗജന്യമാക്കിയാല്‍ സ്വകാര്യ ലാബുകള്‍ സാമ്പത്തികമായി തകരുകയും പരിശോധനകള്‍ മന്ദഗതിയിലാകുകയും ചെയ്യുമെന്നു ഇവര്‍ ഹര്‍ജിയില്‍ പറഞ്ഞു. ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെയുള്ള പദ്ധയിയില്‍ അംഗങ്ങളായവര്‍ക്കു നേരത്തെ തന്നെ പരിശോധന സൗജന്യമായിരുന്നെന്ന ഐസിഎംആറിന്റെ സത്യവാങ്മൂലം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി എന്നിവരും ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് സുപ്രീം കോടതി ഉത്തരവ് പരിഷ്‌കരിച്ചത്.
കോവിഡ് പരിശോധനയ്ക്ക് ഐസിഎംആര്‍ നിശ്ചയിച്ചിട്ടുള്ള തുക സ്വകാര്യലാബുകള്‍ക്ക് ഈടാക്കാമെന്നു കോടതി അറിയിച്ചു. 4,500 രൂപയാണ് ഐസിഎംആര്‍ നിശ്ചയിച്ചിട്ടുള്ള തുക. സൗജന്യ പരിശോധന ആവശ്യമുള്ളവരുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഐസിഎംആര്‍ അംഗീകരിച്ച 157 സര്‍ക്കാര്‍ ലാബുകളും 67 സ്വകാര്യ ലാബുകളുമാണ് നിലവില്‍ രാജ്യത്ത് കോവിഡ് 19 പരിശോധന നടത്തുന്നത്.
https://www.facebook.com/Malayalivartha
























