മനസ്സാക്ഷിക്കും ഉത്തമബോധ്യത്തിനും അനുസൃതമായാണ് ഓരോ കേസും കൈകാര്യം ചെയ്തതെന്ന് ഇന്നലെ വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര

ഇന്നലെ വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര, തന്റെ വിധിന്യായങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ നിറം ചാര്‍ത്തരുതെന്നും മനസ്സാക്ഷിക്കും ഉത്തമബോധ്യത്തിനും അനുസൃതമായാണ് ഓരോ കേസും കൈകാര്യം ചെയ്തതെന്നും സുപ്രീം കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യാത്രയയപ്പില്‍ പറഞ്ഞു. ''എനിക്കു ശക്തിയായത് സഹപ്രവര്‍ത്തകരും അഭിഭാഷകരുമാണ്. അഭിഭാഷകരില്‍ നിന്ന് ഏറെ കാര്യങ്ങള്‍ പഠിച്ചു'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഠിനാധ്വാനത്തിന്റെയും പാണ്ഡിത്യത്തിന്റെയും വലിയ ധൈര്യത്തിന്റെയും പൈതൃകമാണ് ജസ്റ്റിസ് മിശ്ര നല്‍കുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു.
''പ്രസക്തമായ പല വിധിന്യായങ്ങളും ജസ്റ്റിസ് മിശ്ര എഴുതി. അവയില്‍ ചിലത് വലിയ ചലനങ്ങളുണ്ടാക്കുന്നതായിരുന്നു. പ്രശാന്ത് ഭൂഷനെ കോടതി ശിക്ഷിക്കാതിരുന്നെങ്കില്‍ സന്തോഷമായേനെ. എന്നാല്‍, ജസ്റ്റിസ് മിശ്ര എഴുതിയ വിധിന്യായം കോടതിയലക്ഷ്യ നിയമം വിശദമായി വ്യാഖ്യാനിക്കുന്നതാണ്'' അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. ജസ്റ്റിസ് മിശ്രയെപ്പോലെ അചഞ്ചലനായ മറ്റൊരു ജഡ്ജിയെ താന്‍ കണ്ടിട്ടില്ലെന്നും ഉരുക്കു ജഡ്ജിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.
അതിനിടെ ചടങ്ങില്‍ തനിക്കു പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നതു ചോദ്യം ചെയ്ത് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവെ ചീഫ് ജസ്റ്റിസിനു കത്തയച്ചു. ചടങ്ങിലേക്കു ക്ഷണിച്ചശേഷം പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത് തന്നെയും ബാറിനെയും അധിക്ഷേപിക്കുന്ന നടപടിയാണെന്ന് ചീഫ് ജസ്റ്റിസിനുള്ള കത്തില്‍ ദുഷ്യന്ത് ദവെ കുറ്റപ്പെടുത്തി. കേള്‍ക്കാന്‍ താല്‍പര്യപ്പെടാത്തതെന്തെങ്കിലും പറയുമെന്ന ആശങ്കയിലാവാം അത്. എന്നാല്‍, ജസ്റ്റിസ് മിശ്രയ്ക്കു സന്തോഷവും ദീര്‍ഘായുസ്സും നേരാനും ആത്മപരിശോധനയ്ക്കുള്ള കരുത്ത് ഈശ്വരന്‍ നല്‍കട്ടെയെന്ന് ആശംസിക്കാനുമാണ് താന്‍ ഉദ്ദേശിച്ചത്.
''ജഡ്ജിമാര്‍ ബാറിനെ ഭയക്കുന്ന അവസ്ഥയിലേക്കാണ് സുപ്രീം കോടതി എത്തിയിരിക്കുന്നത്. ജഡ്ജിമാര്‍ വരും, പോകും. പക്ഷേ, ബാര്‍ നിലനില്‍ക്കും. അതാണ് സുപ്രീം കോടതിയുടെ യഥാര്‍ഥ ശക്തി. പ്രസിഡന്റിന്റെ കാലാവധി ഡിസംബറില്‍ തീരുംവരെ സുപ്രീം കോടതി സംഘടിപ്പിക്കുന്ന ചടങ്ങുകളിലൊന്നും ഇനി ഞാന്‍ പങ്കെടുക്കില്ല'' - ദവെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























