കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ തന്ത്രപ്രധാന കുന്നുകള്‍ പിടിച്ചെടുക്കാനുള്ള ചൈനീസ് നീക്കത്തിനു പിന്നാലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യുദ്ധസമാന ജാഗ്രത

കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ തന്ത്രപ്രധാന കുന്നുകള്‍ പിടിച്ചെടുക്കാനുള്ള ചൈനീസ് നീക്കത്തിനു പിന്നാലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യുദ്ധസമാന ജാഗ്രത. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്നലെ നടന്ന ബ്രിഗേഡ് കമാന്‍ഡര്‍തല ചര്‍ച്ചയിലും ധാരണയായില്ല.
തുടര്‍ച്ചയായ മൂന്നാംദിവസമാണ് ചര്‍ച്ച ഫലവത്താകാതെ പിരിയുന്നത്. പാംഗോങ് തടാകക്കരയിലും റിസാങ് ലായിലും ചൈനീസ് പട്ടാളം വന്‍കിട ആയുധങ്ങളുമായി അക്രമോത്സുകമായി നില്‍ക്കുകയാണെന്ന് സേനാവൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യയും പ്രത്യേക സൈന്യത്തെ അത്യാധുനിക യുദ്ധോപകരണങ്ങളോടെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്ത് ടാങ്കുകളും ടാങ്ക്വേധ മിസൈലുകളും കൂടുതല്‍ സൈനികരെയും എത്തിച്ചു.
ഏതുസ്ഥിതിഗതിയും നേരിടാന്‍ അതിര്‍ത്തിയിലുടനീളം സൈനികശക്തി വര്‍ധിപ്പിക്കാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്തസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാമേധാവി ജനറല്‍ എം.എം. നരവണെ, വ്യോമസേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ എന്നിവര്‍ പങ്കെടുത്തു. ജൂണ്‍ 15-ന് ഗാല്‍വന്‍ താഴ്വരയില്‍ 20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിനിടയാക്കിയ സംഭവത്തിനുശേഷം ആദ്യമായാണ് ചൈനീസ് സൈന്യം ഇത്രയും വലിയ നീക്കംനടത്തുന്നത്.
"
https://www.facebook.com/Malayalivartha


























