അതിർത്തിയിൽ ആശങ്ക..കരസേന മേധാവി ലഡാഖിൽ..ജനറൽ മനോജ് മുകുന്ദ് നരവണെ രണ്ട് ദിവസം മേഖലയിലുണ്ടാകും

കിഴക്കൻ ലഡാഖിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവണെ ലഡാഖിലെത്തി. ഇന്ന് രാവിലെയാണ് കരസേന മേധാവി സ്ഥലത്തെത്തിയത് .. രണ്ട് ദിവസം മേഖലയിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സ്ഥലത്തെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തുകയാണ്. നേരത്തെ ജൂണിൽ ഇന്ത്യ- ചൈന തർക്കം രൂക്ഷമായ സാഹചര്യത്തിലും കരസേന മേധാവി ലഡാഖിലെത്തിയിരുന്നു.
കിഴക്കൻ ലഡാഖിലെ സ്ഥിതിഗതികൾ ഉന്നത സൈനികദ്യോഗസ്ഥർ കരസേന മേധാവിയുമായി പങ്കുവെച്ചെന്നും രണ്ട് ദിവസത്തോളം ഇദ്ദേഹം മേഖലയിൽ തുടരുമെന്നുമാണ് റിപ്പോർട്ടുകൾ. പാംഗോങ് ത്സോ തടാകത്തിന്‍റെ തെക്കൻ തീരത്ത് യഥാർഥ നിയന്ത്രണ രേഖ (എൽഎസി)യിൽ മാറ്റം വരുത്താനുള്ള ചൈനീസ് സേനയുടെ ശ്രമം ഇന്ത്യൻ ജവാന്മാർ തകർത്തിരുന്നു. ഇതിനു പിന്നാലെയാണ് കരസേനാ മേധാവിയുടെ സന്ദർശനം.
ദക്ഷിണ പാംഗോങ് തീരത്താണ് നിലവിൽ ആശങ്കകൾ ശക്തമായി തുടരുന്നത്. ബ്ലാക്ക് ടോപ്പ് മല പിടിച്ചെടുക്കാനുള്ള ചൈനീസ് സേനാ നീക്കമാണ് ഇന്ത്യ തകർത്തത്. പിന്നീട് ഇവിടത്തെ ഉയരം കൂടിയ മലനിരകളിലെല്ലാം സൈന്യത്തെ വിന്യസിച്ച ഇന്ത്യ തന്ത്രപരമായ ആധിപത്യം ഉറപ്പാക്കിയിരുന്നു. തടാകത്തിന്‍റെ വടക്കൻ തീരത്തെ സൈനിക വിന്യാസ പുനഃക്രമീകരണത്തിലൂടെ ഉയരം കൂടിയ മലനിരകളെല്ലാം നിയന്ത്രണത്തിലാക്കിയിട്ടുണ്ട് ഇന്ത്യ.
ഈ മേഖലയിൽ ഇന്ത്യ സേനാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്. കിഴക്കൻ ലഡാക്കിലെ മറ്റ് മേഖലകളിലും അരുണാചൽ പ്രദേശ് വരെയുള്ള ഇടങ്ങളിലും കരസേന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ട്രൂപ്പിനെ പാങ്കോംഗ് സോ-ചുഷുൽ മേഖലയിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ ചൈന ആരംഭിച്ചിന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം കൊവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ചൈന മറ്റ് രാജ്യങ്ങളുടെ സാഹചര്യങ്ങൾ മുതലെടുക്കുന്നതിന്‍റെ ലഡാഖ് അതിർത്തിയിൽ നടക്കുന്നതെന്ന് ആരോപിച്ച് അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. കൊവിഡ് സാഹചര്യം മുതലെടുക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് യുഎസ് ഈസ്‌റ്റ് ഏഷ്യന്‍ പസഫിക് അസി. സെക്രട്ടറി ഡേവിഡ് സ്‌റ്റില്‍വെല്ലാണ് പറഞ്ഞത്.
സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ചൈന ശ്രമിക്കേണ്ടത്. ചർച്ചകൾ നടത്തി തർക്കങ്ങൾ പരിഹരിക്കണമെന്നാണ് ബീജിങ്ങിലുള്ള സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളതെന്നും സ്‌റ്റില്‍വെല്‍ പറഞ്ഞു.
അതിനിടെ, പ്രശ്ന ബാധിത മേഖലകളിൽ വിന്യസിച്ചിരിക്കുന്ന ജവാന്മാർക്ക് സ്മാർട്ട് ഫോണുകളും മൊബൈൽ ഫോണുകളും ഉപയോഗിക്കുന്നതു സംബന്ധിച്ചു സിആർപിഎഫ് പുതിയ മാർഗനിർദേശം പുറത്തിറക്കി. ഇത്തരം ഫോണുകളിൽ നിന്നു വിവരങ്ങൾ ചോരുമെന്നതു മുൻനിർത്തിയാണ് മാർഗനിർദേശം. വിഡിയൊ, ക്യാമറ, റെക്കോഡിങ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനു കർശന നിയന്ത്രണമുണ്ടാകും.
https://www.facebook.com/Malayalivartha



























