വാറണ്ടില്ലാതെ ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാം: യോഗിയുടെ 'യു.പി സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സുമായി യോഗി സർക്കാർ

വാറന്റില്ലാതെ ആരെയും എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാനുള്ള അധികാരമുള്ള പ്രത്യേക സേനയെ രുപീകരിച്ച് ഉത്തര്‍പ്രദേശ് സർക്കാർ. 'യു.പി സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ്' എന്നാണ് സേനയ്ക്ക് പേര്.
മെട്രോ റെയില്‍വേ, കോടതികള്‍, എയര്‍പോര്‍ട്ടുകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ വിന്യസിക്കാനാണ് ഈ സേനയെ സൃഷ്ടിച്ചിരിക്കുന്നതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനാഷ് അവാസ്തി വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ് ആക്‌ട് പ്രകാരമാണ് സംസ്ഥാനം ഇത്തരമൊരു സേനയെ സൃഷ്ടിച്ചിരിക്കുന്നതെന്നും സെന്ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനൊപ്പമായിരിക്കും ഈ സേന പ്രവര്‍ത്തിക്കുകയെന്നും അവാസ്തി അറിയിച്ചു.
സി.ഐ.എസ്.എഫിനുള്ള അതേ അധികാരങ്ങളാണ് ഈ പ്രത്യേക സേനയ്ക്കും നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമപ്രകാരം സേനയിലെ ഏതൊരംഗത്തിനും യാതൊരു ഔദ്യോഗിക ഉത്തരവും കൂടാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയും.
മജിസ്ട്രേറ്റിന്റെ വാറണ്ടും ഇതിനായി ആവശ്യമില്ല. സേനയിലെ അംഗങ്ങള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ ഭീഷണിയോ ഉണ്ടായാലും വ്യവസ്ഥകളേതുമില്ലാതെ അറസ്റ്റ് ചെയ്യാം. ഒരു ആക്രമണം നടക്കുമ്ബോള്‍ അക്രമിക്ക് രക്ഷപ്പെടാന്‍ അവസരം കൊടുക്കാതെ പെട്ടെന്ന് പിടികൂടാന്‍ സേനയ്ക്ക് കഴിയും. എന്നാൽ പിടികൂടുന്നയാള്‍ക്ക് താന്‍ പിടികൂടിയയാള്‍ കുറ്റക്കാരനാണെന്ന ബോധ്യമുണ്ടാകണം എന്നുമാത്രം. സിവില്‍ കോടതികളുടെ സുരക്ഷിതത്വം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതി കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സേനയെ രൂപീകരിച്ചിരിക്കുന്നതെന്നും യു.പി സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha