ജമ്മുവില്‍ ഏറ്റുമുട്ടല്‍, 4 ജയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചു; പാക്ക് ഭീകരര്‍ എത്തിയത് ട്രക്കില്‍

പാക്കിസ്ഥാനില്‍ നിന്നു നുഴഞ്ഞുകയറിയ ഭീകരരുമായി ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലുണ്ടായ ഏറ്റുമുട്ടലില്‍ 4 ജയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. പാക്കിസ്ഥാനില്‍ നിന്നു നുഴഞ്ഞുകയറിയ ഭീകരരുമായെത്തിയ ട്രക്ക് ജമ്മു നഗരത്തിനു സമീപം സേന തടയുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു.
ട്രക്ക് പരിശോധനയ്ക്കായി തടഞ്ഞത് നഗ്രോത മേഖലയിലെ ബാന്‍ ടോള്‍ പ്ലാസയില്‍ രാവിലെ അഞ്ചിനാണ്. ഡ്രൈവര്‍ ഇറങ്ങിയോടി. തുടര്‍ന്ന് സിആര്‍പിഎഫിനും പൊലീസിനും നേരെ ട്രക്കിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജമ്മു കശ്മീര്‍ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വന്‍പദ്ധതികളുമായാണ് ഭീകരര്‍ എത്തിയതെന്ന് ജമ്മു ഐജിപി മുകേഷ് സിങ് അറിയിച്ചു.
ഏറ്റുമുട്ടല്‍ മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. 11 എകെ റൈഫിള്‍, 29 ഗ്രനേഡുകള്‍, 3 കൈത്തോക്കുകള്‍, മൊബൈല്‍,സാറ്റലൈറ്റ് ഫോണുകള്‍ എന്നിവയും സ്‌ഫോടകവസ്തുശേഖരവും പിടിച്ചെടുത്തു. 11 എകെ 47 റൈഫിളുകള്‍ പിടിച്ചെടുക്കുന്നത് ആദ്യസംഭവമാണെന്നും ഭീകരര്‍ ഏതു മാര്‍ഗത്തിലൂടെയാണു നുഴഞ്ഞു കയറിയതെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇന്നലെ പുല്‍വാമ ജില്ലയില്‍ സേനയ്ക്കു നേരെ വെടിയുതിര്‍ത്തശേഷം കടന്നുകളഞ്ഞ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു. നവംബര്‍ 28 മുതല്‍ വിവിധ ഘട്ടങ്ങളായാണ് ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പു നടക്കുന്നത്.
https://www.facebook.com/Malayalivartha

























