തൊഴില്‍സുരക്ഷാ കോഡിന്റെ കരടു നിയമാവലി വിജ്ഞാപനമായി; അതിഥിത്തൊഴിലാളികള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോയിവരാന്‍ പണം നല്‍കണം

തൊഴില്‍സുരക്ഷാ കോഡിന്റെ കരടു നിയമാവലി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ഇതോടെ ഈയിടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 3 തൊഴില്‍ചട്ടങ്ങളുടെയും നിയമാവലി വിജ്ഞാപനമായി.
വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോയിവരാന്‍ അതിഥിത്തൊഴിലാളികള്‍ക്ക് തൊഴിലുടമ സെക്കന്‍ഡ് സ്ലീപ്പര്‍ ട്രെയിന്‍ ടിക്കറ്റില്‍ കുറയാത്ത തുക നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
തൊഴില്‍സ്ഥാപനങ്ങളിലെ 45 വയസ്സ് കഴിഞ്ഞ ജീവനക്കാര്‍ക്ക് എല്ലാ വര്‍ഷവും ഏപ്രിലിനകം സൗജന്യ ആരോഗ്യ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കണം.
മറ്റു പ്രധാന നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്: എല്ലാവര്‍ക്കും നിയമന ഉത്തരവ് നല്‍കണം. അതില്‍ ജോലി വിവരങ്ങള്‍, ശമ്പള ആനുകൂല്യങ്ങള്‍, പ്രമോഷന്‍ സാധ്യതകള്‍, ആരോഗ്യവിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തണം. അതിഥിത്തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍. വനിതകള്‍ക്കു രാത്രി 7-നു ശേഷം ഡ്യൂട്ടി നല്‍കുകയാണെങ്കില്‍ അവരുടെ അനുമതി വാങ്ങണം. നൈറ്റ് ഡ്യൂട്ടിക്കു താമസസ്ഥലത്തുനിന്നു വരാനും പോകാനും വാഹനസൗകര്യം നല്‍കണം. ജോലി സ്ഥലത്ത് മതിയായ സുരക്ഷ ഉറപ്പാക്കണം. ജോലിസമയം 8 മണിക്കൂര്‍. വിശ്രമവേളകള്‍ അടക്കം 12 മണിക്കൂറില്‍ കൂടരുത്. ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടരുത്. വിവിധ സംസ്ഥാനങ്ങളില്‍ തൊഴിലാളികളെ നല്‍കുന്ന കരാറുകാര്‍ക്ക് ഒറ്റ ലൈസന്‍സിങ് സംവിധാനം.
ശ്രം സുവിധ പോര്‍ട്ടല്‍ വഴി റജിസ്‌ട്രേഷന് അപേക്ഷിച്ച ഏതെങ്കിലും സ്ഥാപനത്തിന് 7 ദിവസത്തിനുളളില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. നിലവിലെ സ്ഥാപനങ്ങള്‍ ചട്ടം നിയമമായി 6 മാസത്തിനകം വിവരങ്ങള്‍ പുതുക്കണം. വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് അടക്കം 13 നിയമങ്ങള്‍ക്കു പകരമാണ് പുതിയ ചട്ടം കൊണ്ടുവരുന്നത്. കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ 45 ദിവസത്തിനകം അറിയിക്കണം. ഇമെയില്‍: fasli@dgfali.nic.in / shvkant.kr@gov.in.
https://www.facebook.com/Malayalivartha

























