വീട്ടിനുള്ളില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകനും സുഹൃത്തും മരിച്ചു; സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്

ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകനും സുഹൃത്തും മരിച്ചു. ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരെയാണ് അതിഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബല്‍റാംപുര്‍ കാല്‍വരി ഗ്രാമത്തിലെ രാകേഷ് സിങ്ങിന്റെ വീട്ടില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിലെ ഒരു മുറിക്കുള്ളിലാണ് ഇരുവരെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. പുറത്തു നിന്ന് പൂട്ടിയിട്ട മുറിയിലാകെ തീ പടര്‍ന്നുപിടിച്ചിരുന്നു.
സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ സംശയം. അക്രമികള്‍ ഇരുവരെയും മുറിയില്‍ പൂട്ടിയിട്ട് തീകൊളുത്തിയ ശേഷം രക്ഷപ്പെട്ടെന്നാണ് പൊലീസ് കരുതുന്നത്. വീട്ടിലെ മറ്റിടങ്ങളിലൊന്നും തീ പിടിച്ചതിന്റെ ലക്ഷണങ്ങളില്ല. ഫൊറന്‍സിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.
https://www.facebook.com/Malayalivartha






















