ഹരിയാനയില്‍ നാല് പെണ്‍മക്കളെ കഴുത്തറത്ത് കൊന്ന ശേഷം അമ്മ സ്വയം കഴുത്തു മുറിച്ചു

ഹരിയാനയിലെ ഗുരുഗ്രാമില്‍ എട്ടു മാസത്തിനും ഏഴു വയസ്സിനും ഇടയില്‍ പ്രായമുള്ള നാല് മക്കളെ അമ്മ കഴുത്തറത്തു കൊന്നു. അതേ കത്തികൊണ്ട് സ്വന്തം കഴുത്തറത്തു മരിക്കാന്‍ ശ്രമിച്ച അമ്മ ഫര്‍മീന(35) ഗുരുതരവസ്ഥയില്‍ ആശുപത്രിയിലാണ്. കുട്ടികളുടെ കരച്ചില്‍ സമീപത്തെ വീടുകളില്‍പ്പോലും കേട്ടില്ല എന്നാണ് പോലീസ് പറഞ്ഞത്.
മുഷ്‌കാന്‍(7), മിസ്‌കിന(5), അലിഫ(3) എട്ടുമാസം പ്രായമായ കുട്ടി എന്നിങ്ങനെ നാല് പെണ്‍കുട്ടികളെയാണ് കൊന്നത്. വെള്ളിയാഴ്ച്ച റോഡപകടത്തില്‍ മരിച്ച കുടുംബത്തിലെ മൂന്നു പേരുടെ അന്ത്യകര്‍മ്മങ്ങളില്‍ ഗ്രാമവാസികള്‍ പങ്കെടുക്കുന്നതിനിടെയാണ് കുട്ടികളെ ഫര്‍മീന കഴുത്തറത്ത് കൊന്നത്.
ആദ്യ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ ഫര്‍മീന 2012-ല്‍ മെക്കാനിക്കായ ഖുര്‍ഷിദിനെ വിവാഹം ചെയ്തു. സന്തോഷകരമായ കുടുംബ ജീവിതമായിരുന്നു ഇവരുടേതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
പുറത്തുപോയിരുന്ന ഖുര്‍ഷിദ് മടങ്ങിയെത്തി വാതിലില്‍ മുട്ടിയെങ്കിലും ആരും തുറന്നില്ല. ജനാലയിലൂടെ ഉള്ളിലേക്ക് നോക്കിയപ്പോഴാണ് ഫര്‍മീന കത്തി കൊണ്ട് സ്വന്തം കഴുത്തറക്കുന്നത് കണ്ടതെന്ന് ഖുര്‍ഷിദ് പറഞ്ഞു. ഖുര്‍ഷിദിന്റെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികള്‍ കതക് തകര്‍ത്ത് ഉള്ളിലേക്ക് ചെന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടികളെയാണ് കണ്ടത്. ഉടന്‍ തന്നെ എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഖുര്‍ഷീദിന്റെ പരാതിപ്രകാരം ഫര്‍മീനക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഫര്‍മീന ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. എന്നാല്‍ എന്തിനാണ് ഫര്‍മീന കുട്ടികളെ കൊന്നതെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ഇവരുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ മറ്റു കാര്യങ്ങള്‍ വ്യക്തമാകൂ.
https://www.facebook.com/Malayalivartha






















