വണ്ണിയര്‍ സമുദായത്തിന് പ്രത്യേക സംവരണം ആവശ്യപ്പെട്ടു പിഎംകെ നടത്തിയ പ്രതിഷേധത്തില്‍ പരക്കെ അക്രമം

വണ്ണിയര്‍ സമുദായത്തിന് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും 20% പ്രത്യേക സംവരണം ആവശ്യപ്പെട്ടു പിഎംകെ നടത്തിയ പ്രതിഷേധത്തില്‍ പരക്കെ അക്രമം. പ്രതിഷേധക്കാര്‍ ചെന്നൈ അതിര്‍ത്തിയായ പെരിങ്കളത്തൂരില്‍ ട്രെയിനിനു നേരെ കല്ലെറിഞ്ഞു. റോഡ് ഉപരോധിച്ചതിനാല്‍ ചെന്നൈയ്ക്കും ചെങ്കല്‍പേട്ടിനുമിടയില്‍ 3 മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു.
മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി ഇതിനു പിന്നാലെ പിഎംകെ യുവജന വിഭാഗം നേതാവ് അന്‍പുമണി രാംദാസുമായി ചര്‍ച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് വണ്ണിയര്‍ സംവരണമെന്ന മുദ്രാവാക്യവുമായി പിഎംകെ തെരുവിലിറങ്ങിയത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധ പരമ്പര സംഘടിപ്പിക്കുമെന്ന് പിഎംകെ സ്ഥാപകന്‍ എസ്. രാംദാസ് പ്രഖ്യാപിച്ചിരുന്നു.
റെയില്‍വേ ട്രാക്ക് ഉപരോധിക്കുന്നതിനായി പൊടുന്നനെ ട്രാക്കിലേക്കു വന്ന പ്രവര്‍ത്തകരെ കണ്ടു ലോക്കോപൈലറ്റ് ബ്രേക്കിട്ടതിനാല്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരുക്കില്ല. തുടര്‍ന്നാണ് സബേര്‍ബന്‍ ട്രെയിനു നേരെ കല്ലേറുണ്ടായത്.
1980-ലാണ് പ്രത്യേക ക്വോട്ടയെന്ന ആവശ്യവുമായി രാംദാസ് വണ്ണിയര്‍ സംഘം രൂപീകരിച്ചത്. പിന്നീട് പിഎംകെയ്ക്കു രൂപം നല്‍കി. പാര്‍ട്ടി നിലവില്‍ വന്നതിനു പിന്നാലെയുണ്ടായ പ്രക്ഷോഭത്തില്‍ 21 പേരാണ് മരിച്ചത്. 20% സംവരണമുള്ള അതീവ പിന്നാക്ക വിഭാഗത്തിലാണ് (എംബിസി) നിലവില്‍ വണ്ണിയര്‍ സമുദായം.
https://www.facebook.com/Malayalivartha






















