പാക് ഭീകരര്‍ എത്തിയത് ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍; നഗ്രോട്ടാ എറ്റുമുട്ടലില്‍ എന്‍ഐഎ കേസ് ഏറ്റെടുത്തു; പാകിസ്ഥാന്റെ പങ്കിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു; ജയ്‌ഷേ ഭീകരരെ സഹായിച്ചത് പാക് ചാര സംഘടന; പാകിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യ

നഗ്രോട്ടാ എറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജയ്‌ഷേ മുഹമ്മദ് ഭീകരര്‍ എത്തിയത് ജമ്മു കാശ്മീരില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ തന്നെ. സംഭവത്തില്‍ പാകിസ്ഥാന്റെ പങ്കിനും കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ഈ സാഹചര്യത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുത്തിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം കാശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രത്തലത്തില്‍ ചര്‍ച്ചയാക്കുന്നതിനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍ ജമ്മു കാശ്മീരില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.
ജമ്മു ശ്രീനഗര്‍ ദേശീയപാതയിലെ നഗ്രോട്ടയില്‍ ബാന്‍ ടോള്‍ പ്ലാസയ്ക്ക് സമീപത്തുണ്ടായ ഏറ്റുമുട്ടലില്‍ പാക്കിസ്ഥാനില്‍ നിന്നെത്തിയ നാല് ജയ്‌ഷേ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. സംഭവത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ഇന്ത്യ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇക്കാര്യത്തിലെ അന്വേഷണമാണ് എന്‍ഐഎ ഏറ്റെടുത്തത്. നേരത്തെ മൂന്ന് തവണ എന്‍ഐഎ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നെങ്കിലും കേസ് ഏറ്റെടുക്കല്‍ സംബന്ധിച്ച് വ്യക്തത നല്‍കിയിരുന്നില്ല. ഇന്നലെയാണ് ഇക്കാര്യത്തില്‍ വ്യക്തതയായത്.
2020 നവംബര്‍ 19 നാണ് സംഭവം. പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ ഭീകരര്‍ സഞ്ചരിച്ച ട്രക്ക് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ നഗരോടയ്ക്കുസമീപം സി.ആര്‍.പി.എഫ്. തടയുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്നുമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. നാലു ഭീകരരെയും സൈന്യം വധിച്ചു. ഭീകരരുടെ പക്കല്‍നിന്ന് 11 എ.കെ. റൈഫിളുകള്‍, മൂന്നു തോക്കുകള്‍, 35 ഗ്രനേഡുകള്‍ തുടങ്ങിയവ കണ്ടെടുത്തു.
ജമ്മുകശ്മീരില്‍ ജില്ലാ വികസന കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാന്‍ ഭീകരരെത്തിയതെന്ന് കശ്മീര്‍ ഐ.ജി. വിജയ്കുമാര്‍ അന്നു തന്നെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ പാകിസ്ഥാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ഒട്ടേറെ ഭീകരര്‍ തയ്യാറായി നില്‍ക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചു. പത്താന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരനായ ജെയ്‌ഷേ ഭീകരന്‍ കാസിം ജാനിന്റെ കീഴില്‍ പരിശീലനം നേടിയവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നത്.
ഇതിനിടെ പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതിന്റെ കൂടുതല്‍ തെളിവുകള്‍ ഇന്ത്യ കണ്ടെത്തിട്ടുണ്ട്. ഏറ്റുമുട്ടലിന് ശേഷം ബി.എസ്.എഫ് സൈനികരും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ രാജ്യാന്തര അതിര്‍ത്തിയോടു ചേര്‍ന്ന് പാക്കിസ്ഥാന്‍ ഭാഗത്തുനിന്ന് ആരംഭിച്ച് ഇന്ത്യന്‍ ഭാഗത്ത് അവസാനിക്കുന്ന തുരങ്കം സാംബ ജില്ലയിലെ രംഗല്‍ പോസ്റ്റിനടുത്ത് കണ്ടെത്തിയിരുന്നു. അതിര്‍ത്തിയില്‍നിന്ന് 160 മീറ്റര്‍ അകലെ, അതിര്‍ത്തി വേലിക്കടുത്തുനിന്ന് 70 മീറ്റര്‍ മാറി, 25 മീറ്ററോളം താഴ്ചയിലായിരുന്നു തുരങ്കം. ഭീകരരില്‍നിന്ന് കണ്ടെടുത്ത മൊബൈലിലെ ഇലക്ട്രോണിക്, ജ്യോഗ്രഫിക്കല്‍ ഡാറ്റ ഉപയോഗിച്ചാണ് ബിഎസ്എഫ് പരിശോധന നടത്തിയത്. ഡിജിറ്റല്‍ മൊബൈല്‍ റേഡിയോയും വയര്‍ലെസ് സെറ്റും മറ്റ് ആശയവിനിമയ ഉപകരണങ്ങളും പാക്കിസ്ഥാന്‍ കമ്പനി നിര്‍മിച്ചവയാണ്. ആഗോള ഭീകരനും ജെയ്ഷ് മുഹമ്മദ് സ്ഥാപകനുമായ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി റൗഫ് അസ്ഗറും ജയ്ഷ് ഓപ്പറേഷനല്‍ കമാന്‍ഡര്‍ ഖ്വാരി സരാറുമാണ് ഭീകരര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. ഇതെല്ലാം പാകിസ്ഥാന്റെ സ്വാധീനം വ്യക്തമാക്കുന്നതാണ്. ഇതിനെ തുടര്‍ന്ന് ഇന്ത്യ പാക് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഇതിന് പുറമേ പഞ്ചാബിലെയും ജമ്മു കശ്മീരിലെയും അതിര്‍ത്തിക്ക് ഇപ്പുറത്തേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കൂടുതലായി കടത്താന്‍ പാക്കിസ്ഥാന്റെ പിന്തുണയുള്ള ഭീകര സംഘങ്ങളും രഹസ്യാന്വേഷണ സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സും (ഐഎസ്ഐ) ചൈനീസ് നിര്‍മിത വലിയ ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി ഇന്ത്യന്‍ സേനക്ക് വിവരം ലഭിച്ചിട്ടിുണ്ട്. കുറച്ചു വര്‍ഷങ്ങളായി ചെറിയ തോതിലുള്ള ആയുധക്കടത്തിന് ഉപയോഗിച്ചിരുന്ന ഡ്രോണുകളുടെ നവീകരിച്ച പതിപ്പാണ് ഉപയോഗത്തിലുള്ളതെന്നു രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പുതിയതരം ഡ്രോണുകള്‍ വന്‍തോതില്‍ ആയുധങ്ങള്‍ ഇന്ത്യയിലേക്കു ഒളിപ്പിച്ചു കടത്താന്‍ പാക്കിസ്ഥാനെ സഹായിക്കുന്നതായി ഡല്‍ഹിയിലെ ഭീകരവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇതെല്ലാം കണക്കുകൂട്ടുമ്പോള്‍ പാകിസ്ഥാന്‍ കാശ്മീരിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണെന്ന് വ്യക്തം.
https://www.facebook.com/Malayalivartha






















