കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് നടത്തിയ ഹരിയാണയില്‍ നിന്നുള്ള കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് നടത്തിയ ഹരിയാണയില്‍ നിന്നുള്ള കര്‍ഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് ചെയ്യുകയായിരുന്ന പ്രക്ഷോഭകരുമായി ഹരിയാണയിലെ റവാരി-ആല്‍വാര്‍ അതിര്‍ത്തിയിലാണ് പോലീസ് ഏറ്റുമുട്ടിയത്.പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടു പോകാന്‍ ശ്രമിച്ച സമരക്കാര്‍ക്കു നേരെ പോലീസ് നിരവധി തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
തുടര്‍ന്ന് പോലീസും സമരക്കാരുമായി രൂക്ഷമായ ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.പിന്നീട് സമരക്കാരെ മസാനിയിലുള്ള ഒരു മേല്‍പാലത്തില്‍ വെച്ച് തടഞ്ഞതായി റെവാരി പോലീസ് പറഞ്ഞു. കര്‍ഷകര്‍ക്കു നേരെ പോലീസ് തുടര്‍ച്ചയായി കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നതിന്റെയും ഏറ്റുമുട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
അതിനിടെ, ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകളുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏഴാംവട്ട ചര്‍ച്ച ഇന്ന് നടക്കും. സമരം അവസാനിപ്പിക്കാന്‍ കേന്ദ്രത്തിനുമുന്നില്‍ കര്‍ഷകര്‍വെച്ച നാലുകാര്യങ്ങളില്‍ രണ്ടെണ്ണത്തില്‍ കഴിഞ്ഞ ചര്‍ച്ചയില്‍ ധാരണയായിരുന്നു. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുക, മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നീ മുഖ്യ ആവശ്യങ്ങളിലാണ് ഇനിയുള്ള ചര്‍ച്ച.
"
https://www.facebook.com/Malayalivartha

























