ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിലേക്ക് മോദിക്ക് ക്ഷണം; ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടി പങ്കെടുക്കാന്‍ ബോറിസ് ജോണ്‍സണ്‍ എത്തും; ഉച്ചകോടിയില്‍ കോവിഡ്, കാലാവസ്ഥാ വ്യതിയാനം, തുറന്ന വിപണി തുടങ്ങിയവ ചര്‍ച്ചയാകും; കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടം ക്ഷണത്തിന് കാരണം

ജൂണില്‍ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണം. ബ്രിട്ടനാണ് മോദിയെ ജി 7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടിയുടെ മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കിയിരുന്നു. ഉച്ചകോടിക്കു മുന്‍പായി അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 2021 ജൂണ്‍ 11 ന് ബ്രിട്ടണിലാണ് ജി 7 ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ലോകത്തിലെ ഏഴ് പ്രമുഖ ജനാധിപത്യ സമ്പദ്വ്യവസ്ഥകളായ യുകെ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുഎസ് എന്നിവരും യൂറോപ്യന്‍ യൂണിയനും പങ്കെടുക്കുന്ന ഉച്ചകോടിയില്‍ കോവിഡ്, കാലാവസ്ഥാ വ്യതിയാനം, തുറന്ന വിപണി തുടങ്ങിയവ ചര്‍ച്ച ചെയ്യും. ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്കു ക്ഷണിച്ചിട്ടുണ്ട്. മോദിയെ ക്ഷണിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയും യുകെയും തമ്മിലുള്ള സഹകരണം ഊന്നിപ്പറയുന്നു.
'ലോകത്തിന്റെ ഫാര്‍മസി' എന്ന നിലയില്‍, ലോകത്തിന്റെ 50 ശതമാനത്തിലേറെ വാക്‌സീനുകള്‍ ഇന്ത്യയാണു വിതരണം ചെയ്യുന്നത്. മഹാമാരിക്കെതിരെ യുകെയും ഇന്ത്യയും നന്നായി സഹകരിക്കുന്നു. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ പതിവായി സംസാരിക്കാറുണ്ട്. കൊറോണ വൈറസ് ഏറ്റവും വിനാശകരമാണ്. ആധുനിക ലോകക്രമത്തിന്റെ ഏറ്റവും വലിയ പരീക്ഷണമാണിത്. മെച്ചപ്പെട്ട ഭാവിക്കായി തുറന്ന മനോഭാവത്തോടെ ഐക്യപ്പെടുകയാണു വേണ്ടതെന്നും യുകെ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha