'ദേശീയ ദുരന്ത സമയത്ത് നിശബ്ദമായി നില്‍ക്കാന്‍ കഴിയില്ല'; കോവിഡ് വ്യാപനത്തിൽ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

ദേശീയ ദുരന്തത്തിന്‍റെ സമയത്ത് നിശബ്ദ കാഴ്ചക്കാരായി നിലകൊള്ളാനാവില്ലെന്ന് സുപ്രീംകോടതി. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എല്‍. നാഗേശ്വരറാവു, എസ്. രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ഹൈകോടതിയിലെ കേസുകള്‍ക്ക് പകരമായിട്ടല്ല തങ്ങള്‍ സ്വമേധയാ കേസെടുത്തതെന്നും കോടതി പറഞ്ഞു.
കോവിഡ് സാഹചര്യത്തില്‍ മെഡിക്കല്‍ ഓക്‌സിജന്‍റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്‌സിന്‍, ലോക്ക്ഡൗണ്‍ എന്നിവയില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം, കോവിഡുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലെ ഹരജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹൈക്കോടതികള്‍ക്ക് സഹായകരമായ ഇടപെടലാണ് സുപ്രീംകോടതി നടത്തുകയെന്ന് ബെഞ്ച് ഇന്ന് വ്യക്തമാക്കി. ഹൈക്കോടതികള്‍ക്ക് ഇടപെടാന്‍ പ്രയാസമുള്ള വിഷയങ്ങളില്‍ സഹായിക്കും. എന്നാല്‍, ദേശീയ ദുരന്ത സമയത്ത് നിശബ്ദമായി നില്‍ക്കാന്‍ കഴിയില്ല.
സ്വമേധയാ സ്വീകരിച്ച കേസില്‍ അമിക്കസ് ക്യൂറിയായി മുതിര്‍ന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, മീനാക്ഷി അറോറ എന്നിവരെ നിയോഗിച്ചു. നേരത്തെ, ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂറിയായി നിയമിച്ചെങ്കിലും അദ്ദേഹം പിന്മാറിയിരുന്നു. വ്യത്യസ്ത വാക്സിനുകള്‍ക്ക് വ്യത്യസ്ത വില ഈടാക്കുന്ന കാര്യത്തില്‍ കേന്ദ്രത്തോട് കോടതി ചോദ്യമുയര്‍ത്തി. പേറ്റന്‍റ് നിയമത്തിലെ ആറാം വകുപ്പ് പ്രകാരം കേന്ദ്രത്തിന് അധികാരമുണ്ട്. ഇതൊരു മഹാമാരിയും ദേശീയ ദുരന്തവുമാണെന്നും കോടതി സര്‍ക്കാറിനെ ഓര്‍മിപ്പിച്ചു. വാക്സിന്‍റെ വില നിര്‍ണയത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha


























