'ജഡ്ജിമാരുടെ കോവിഡ് ചികിത്സയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറികള്‍ ആവശ്യപ്പെട്ടില്ല'; സര്‍ക്കാര്‍ നിര്‍ദേശം ഉടന്‍ പിന്‍വലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ഹൈക്കോടതി ജഡ്ജിമാരുടെയും ജീവനക്കാരുടെയും കോവിഡ് ചികിത്സയ്ക്കായി പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറികള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത്തരത്തിലുള്ള ഒരു ആവശ്യവും മുന്നോട്ടുവച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം ഉടന്‍ പിന്‍വലിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ഉടന്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണം. ജനങ്ങള്‍ക്ക് ഓക്സിജന്‍ പോലും നല്കാന് കഴിയാത്ത അവസ്ഥയിലാണോ ജഡ്ജിമാര്‍ക്ക് 100 ഹോട്ടല്‍ മുറികള്‍ ഒരുക്കുന്നത്. ഇത്തരം ഉത്തരവുകള്‍ ഇറക്കുന്നത് അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ മാധ്യമങ്ങളെ പഴിചാരിയ മുതിര്‍ന്ന അഭിഭാഷകന് രാഹുല്‍ മെഹ്റയേയും ഹൈക്കോടതി വിമര്‍ശിച്ചു. ഔദ്യോഗിക ഉത്തരവിലെ തെറ്റ് ചൂണ്ടിക്കാട്ടുക മാത്രമാണ് മാധ്യമങ്ങള്‍ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും കോവിഡ് ചികിത്സക്കായി പഞ്ചനക്ഷത്ര ഹോട്ടലായ അശോക ഹോട്ടലില്‍ 100 മുറികള്‍ ബുക്ക് ചെയ്തുവെന്നായിരുന്നു വാര്‍ത്ത. ഹോട്ടലിലെ ജീവനക്കാര്‍ക്ക് എല്ലാ സുരക്ഷാപകരണങ്ങളും നല്‍കുകയും മതിയായ പരിശീലനം നല്‍കുകയും ചെയ്യുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























