വേശ്യാവൃത്തി നിയമവിധേയമാക്കണമെന്ന് ഹരിയാന വനിതാ കമ്മീഷനംഗം

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളും അതിക്രമങ്ങളും തടയാന്‍ പോംവഴി വേശ്യവൃത്തിയെ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരല്‍ മാത്രമെന്ന് വനിതാ കമ്മീഷന്‍ അംഗം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ വേശ്യാവൃത്തി നിയമ വിധേയാക്കണമെന്ന് ഹരിയാന വനിതാ കമ്മീഷന്‍ ഉപാധ്യക്ഷ സുമന്‍ ദാഹിയ അഭിപ്രായപ്പെട്ടു. ഈ ആവശ്യമുന്നയിച്ചുകൊണ്ട് സുമന്‍ പ്രധാനമന്ത്രി,ഹരിയാനാ ഗവര്‍ണര്‍,മുഖ്യമന്ത്രി, ദേശീയ വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് കത്തയച്ചു.
ചില പാശ്ചാത്യ രാജ്യങ്ങളില്‍ വേശ്യാവൃത്തി നിയമ വിധേയമാക്കിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സെക്‌സ് മാഫിയകള്‍ മുഖേനെ നൂറു കണക്കിന് പെണ്‍കുട്ടികള്‍ ശരീര വില്‍പനക്ക് ഇരയാകുന്നതായും അവര്‍ പറഞ്ഞു. എന്നാല്‍ സുമന്റെ പ്രസ്താവനക്കെതിരെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ സ്‌റ്റേറ്റ് ജോയിന്റെ സെക്രട്ടറി സബിത ബര്‍വാള്‍ രംഗത്ത് വന്നിട്ടുണ്ട്. വേശ്യാവൃത്തി നിയമവിധേയമാക്കുന്നത് മനുഷ്യക്കടത്തുകാര്‍ക്ക് നിയമ സംരക്ഷണം നല്‍കുന്നതിന് തുല്യമാണെന്ന് സബിത പറഞ്ഞു.
പല പെണ്‍കുട്ടികളും വേശ്യാവൃത്തിയിലേക്ക് നിര്‍ബന്ധപൂര്‍വ്വം എത്തിപ്പെടുകയാണ്. ഇവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഇതിന് ഏറ്റവും നല്ല പരിഹാരം വേശ്യാവൃത്തിയെ നിയമവിധേയമാക്കുകയാണ്. അങ്ങിനെയാണെങ്കില്‍ വേശ്യാവൃത്തിക്ക് ഇരയാകുന്നവരെ അധികാരികളുടേയും സമൂഹത്തിന്റെയും പീഡനങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. ഇതാണ് ശരിയായ സമയം, ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിരവധി നിഷ്‌ക്കങ്കരായ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ സാധിക്കും. വേശ്യാവൃത്തി നിയമ വിധേയമാക്കുന്നത് സംബന്ധിച്ച് എന്‍.ജി.ഒകള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുമായി തുറന്ന സംവാദം സംഘടിപ്പിക്കണമെന്നും സുമന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























