യുവതിയുടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങി... എക്സ്റേയില്‍ കണ്ടത് താന്‍ ഭക്ഷണം കഴിക്കുന്നതിനിടെ വിഴുങ്ങിയ എല്ലാണെന്ന് യുവാവ്; ഒടുവില്‍ മാലയെ പുറത്തെടുത്ത് പൊലീസും ഡോക്ടര്‍മാരും
യുവതിയുടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവാവിനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. മാലയുമായി ഓടിയ പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇടവഴിയില്‍ രക്ഷപ്പെടാന്‍ വഴിയില്ലാതെ വന്നതോടെ വിജയ് മാല വിഴുങ്ങുകയായിരുന്നു. ബംഗളൂരുവിലെ എം.ടി സ്ട്രീറ്റില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഹേമ എന്ന യുവതിയുടെ 70 ഗ്രാം വരുന്ന സ്വര്‍ണമാല തട്ടിയെടുക്കുകയായിരുന്നു പ്രതിയായ വിജയ്. മാല തട്ടിയെടുക്കുന്നതിനിടെ ഇരുവരും തമ്മില്‍ പിടിവലിയുണ്ടാകുകയും ചെയ്തിരുന്നു. പിന്നീട് മാലയുമായി വിജയ് ഓടി. ഇതോടെ ഹേമയുടെ കരച്ചില്‍കേട്ട് ആളുകള്‍ ഓടിക്കൂടിയിരുന്നു. സ്ഥലത്തെത്തിയ ആളുകള്‍ വിജയ്യെ ക്രൂരമായി മര്‍ദിച്ചെങ്കിലും മാല കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല.
തുടര്‍ന്ന് വിജയ്യെ കെ.ആര് മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. മര്‍ദനമേറ്റതിനാല്‍ ഇന്‍സ്പെക്ടര്‍ ബി.ജി. കുമാരസ്വാമി വിജയ്യെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. വിജയ് മാല വിഴുങ്ങിയെന്ന് പൊലീസ് വിശ്വസിച്ചിരുന്നില്ല. എന്നാല്‍, ആശുപത്രിയിലെത്തി എക്സ്റേ എടുത്തതോടെ യുവാവിന്റെ വയറ്റില്‍ മാല ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ താന്‍ ഭക്ഷണം കഴിക്കുന്നതിനിടെ വിഴുങ്ങിയ എല്ലാണെന്നായിരുന്നു വിജയ്യുടെ വാദം. തുടര്‍ന്ന് പൊലീസും ഡോക്ടര്‍മാരും ചേര്‍ന്ന് മാല പുറത്തുവരുന്നതിനായി മരുന്നും പഴവും നല്‍കുകയായിരുന്നു. മാല പുറത്തുവന്നതോടെ വിജയ്ക്കെതിരെ പൊലീസ് മോഷണത്തിന് കേസെടുത്തു.
https://www.facebook.com/Malayalivartha