ആയിരക്കണക്കിന് മണ്‍കൂനകള്‍ നിര്‍മിച്ച് അവയ്ക്ക് മുകളില്‍ മുട്ടയിട്ട് രാജഹംസങ്ങള്‍; ദൃശ്യങ്ങള്‍ കണ്ട് ആശ്ചര്യപ്പെട്ട് ആളുകള്‍: പ്രജനനകാലത്ത് പക്ഷികളെ ശല്യപ്പെടുത്തുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം
ഗുജറാത്തിലെ റാന്‍ ഓഫ് കച്ചില്‍ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. വിജനമായി കിടക്കുന്ന ഒരു പ്രദേശത്ത് കണ്ണെത്താ ദൂരത്തോളം മുട്ടയിട്ടിരിക്കുകയാണ് രാജഹംസങ്ങള്‍. ആയിരക്കണക്കിന് കൂടുകളാണ് രാജഹംസങ്ങള്‍ മുട്ടയിടാനായി ഈ പ്രദേശത്ത് നിര്‍മിച്ചിരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനും രാജ്കോട്ടിലെ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ഓഫിസറുമായ ദേവ് ചൗധരി ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
ശൈത്യകാലത്ത് റാന്‍ ഓഫ് കച്ച് മേഖലയിലേക്ക് ധാരാളം ദേശാടന പക്ഷികള്‍ എത്താറുണ്ട്. രാജഹംസങ്ങള്‍ മുട്ടയിടുന്ന കാലമായതിനാല്‍ അവ വിജനമായ പ്രദേശങ്ങളില്‍ കൂട്ടമായി കൂട് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. റാന്‍ ഓഫ് കച്ചിലെ ഗുധ്കര് നാഷണല്‍ പാര്‍ക്ക് മേഖലയിലാണ് രാജഹംസങ്ങള്‍ ഇത്തവണ കൂട് കൂട്ടിയിരിക്കുന്നത്.
ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഒരു വലിയ പ്രദേശമാകെ മുട്ടകള്‍ അടങ്ങിയ കൂടുകള്‍ പതിഞ്ഞിട്ടുണ്ട്. മണ്‍കൂനകള്‍ നിര്‍മിച്ച് അവയ്ക്ക് മുകളിലായാണ് രാജഹംസങ്ങള്‍ മുട്ടകളിട്ടിരിക്കുന്നത്. ഇത്രയധികം കൂടുകളും മുട്ടകളും കണ്ട ആശ്ചര്യത്തിലാണ് ആളുകള്‍. അസാധാരണമായ കാഴ്ച എന്നാണ് ദൃശ്യം കണ്ട പലരും കുറിച്ചിരിക്കുന്നത്.
എന്നാല്‍ ഡ്രോണ്‍ ഉപയോഗിച്ച് ഇവയുെട ചിത്രങ്ങള്‍ പകര്‍ത്തിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ദൃശ്യത്തില്‍ എവിടെയും ഒരു രാജഹംസത്തെ പോലും കാണാനാകുന്നില്ല എന്നതാണ് വിമര്‍ശനങ്ങളുടെ പ്രധാന കാരണം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഡ്രോണ്‍ ക്യാമറ കണ്ട് ഭയന്ന് രാജഹംസങ്ങള്‍ കൂടുകള്‍ക്കരികില്‍ നിന്ന് മാറിപ്പോയതാകാമെന്നാണ് ഇക്കൂട്ടരുടെ കണ്ടെത്തല്‍.
പ്രജനനകാലത്ത് പക്ഷികളെ ഇത്തരത്തില്‍ ശല്യപ്പെടുത്തുന്നത് ശരിയല്ല എന്നും പലരും അഭിപ്രായപ്പെടുന്നു. അതിനാല്‍ ഇത്തരം ദൃശ്യങ്ങള്‍ അധികമായി പങ്കുവയ്ക്കരുത് എന്നും ദൃശ്യം പകര്‍ത്തിയ വ്യക്തിക്കെതിരെ നിയമ നടപടി എടുക്കണമെന്നുമുള്ള തരത്തില്‍വരെ പ്രതികരണങ്ങളുണ്ട്. കഴിഞ്ഞവര്‍ഷം റാന്‍ ഓഫ് കച്ചിലെ കൂടാ മേഖലയില്‍ ഒരു ലക്ഷത്തോളം കൂടുകളാണ് രാജഹംസങ്ങള്‍ മുട്ടയിടാനൊരുക്കിയത്.
ഇവയില്‍ 60,000ല്‍ പരം മുട്ടകള്‍ വിരിഞ്ഞിരുന്നു. ജനവാസ മേഖലയല്ലാത്തതിനാല്‍ സുരക്ഷിത സ്ഥാനമായി കരുതിയാവാം രാജഹംസങ്ങള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഈ പ്രദേശം കൂടുകൂട്ടാനായി തെരഞ്ഞെടുത്തത് എന്നാണ് നിഗമനം. അതിനാല്‍ അവയുടെ സംരക്ഷണം ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. മനുഷ്യ സാന്നിധ്യമോ മറ്റേതെങ്കിലും തരത്തിലുള്ള ശല്യമോ ഉണ്ടായാല്‍ രാജഹംസങ്ങള്‍ മുട്ടകള്‍ കൂട്ടില്‍തന്നെ ഉപേക്ഷിച്ച് പോവുകയാണ് പതിവ്. ചില മുട്ടകള്‍ വെള്ളത്തില്‍ ഒഴുകി പോവുകയും ചെയ്യാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. നാലാഴ്ച സമയമെടുത്താണ് മുട്ടകള്‍ വിരിയുന്നത്. മുട്ട വിരിഞ്ഞു കുഞ്ഞ് പുറത്തുവന്നു കഴിഞ്ഞാല്‍ ഇണകളില്‍ ഒന്ന് തീറ്റതേടി പോവുകയും മറ്റേത് കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് കൂടിനരികില്‍ തന്നെ കഴിയുകയും ചെയ്യാറുണ്ട്.
"
https://www.facebook.com/Malayalivartha