ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പതിനെട്ടുകാരി വെടിയേറ്റു കൊല്ലപ്പെട്ടു

പീഡനത്തിനിരയായ പതിനെട്ടുകാരിയെ, കേസില്‍ മൊഴി നല്‍കാന്‍ കോടതിയില്‍ ഹാജരാകാനിരിക്കെ വെടിവച്ചു കൊന്നു. ബൈജാപൂര്‍ ഗ്രാമത്തിലെ ദക്ഷിണ്‍തോല മേഖലയില്‍ ബൈക്കിലെത്തിയ യുവാക്കളാണ് വെടിവച്ചത്. പെണ്‍കുട്ടിയും സഹോദരനും ഡോക്ടറെ കാണാന്‍ പോകവെയാണ് ആക്രമണം ഉണ്ടായത്. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ കേസില്‍ മൊഴി നല്‍കാന്‍ കോടതിയില്‍ ഹാജരാകാനിരിക്കെയുണ്ടായ ആക്രമണത്തില്‍ സംഭവസ്ഥലത്തു വച്ചുതന്നെ പെണ്‍കുട്ടി മരിച്ചു.
അതേസമയം, കൊലപാതകത്തിനു പിന്നില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഗ്രാമവാസികളും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും ബലിയ ദേശീയപാത ഉപരോധിച്ചു. പ്രദേശത്തെ ഒരു കോളജിന്റെ മാനേജറായിരുന്ന ബി.കെ.സിങ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 2011 ജൂണ്‍ ആറിനാണ്. അതേ കോളജിലെ വിദ്യാര്‍ഥിയായിരുന്നു പെണ്‍കുട്ടി.
മേഖലയിലെ പ്രധാനിയായിരുന്ന ഇയാള്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. കോളജിലെ പ്യൂണിന്റെ കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനെ പ്രതിചേര്‍ത്തതും ബി.കെ.സിങ്ങിന്റെ അറിവോടെയാണെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. നേരത്തെ പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരിയെയും ഇയാള്‍ മാനഭംഗപ്പെടുത്തിയെന്നും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും കുടുംബം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























