ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചു, ഇന്ത്യാ ഗേറ്റില്‍ മാതാപിതാക്കളുടെ പ്രതിക്ഷേധം

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ചു. കൂട്ടബലാത്സംഗത്തിന് ഇരയായി പിന്നീട് മരിച്ച ജ്യോതി സിങ്ങിന്റെ മാതാപിതാക്കള്‍ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് മോചനം. കുട്ടിക്കുറ്റവാളിയെ സര്‍ക്കാര്‍ ഇതര സംഘടനയുടെ സംരക്ഷണത്തില്‍ ഡല്‍ഹിയില്‍ തന്നെ പാര്‍പ്പിക്കുമെന്നാണ് സൂചന. മോചനം തടയണമെന്നാവശ്യപ്പെട്ടത് ഡല്‍ഹി വനിതാ കമ്മീഷന്‍ ശനിയാഴ്ച അര്‍ധരാത്രി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മോചനം സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീം കോടതി അവധിക്കാലബഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
അതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡല്‍ഹി പോലീസ് ഇന്ത്യാഗേറ്റിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടിക്കുറ്റവാളിയെ പാര്‍പ്പിച്ചിരുന്ന റിമാന്‍ഡ് ഹോമിന് പുറത്ത് നാനൂറോളം ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിര്‍ഭയ എന്ന ജ്യോതി സിങിന്റെ മാതാപിതാക്കള്‍ ഞായറാഴ്ച ധര്‍ണ നടത്തിയിരുന്നു. ഇയാള്‍ക്കും വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ.
2012 ഡിസംബര്‍ 16 നായിരുന്നു ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയായിരുന്ന ജ്യോതി സിങിനെ സുഹൃത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെ അഞ്ചുപേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തത്. പിന്നീട് അവശനിലയില്‍ അവരെ തെരുവിലുപേക്ഷിച്ചു. സംഭവത്തില്‍ ഭരണകൂടം അലംഭാവം കാണിക്കുന്നുവെന്ന് ആരോപിച്ച് തൊട്ടടുത്ത ദിവസങ്ങളില്‍ ഡല്‍ഹി വന്‍ ജനകീയ പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. തലസ്ഥാന നഗരം കണ്ട ഏറ്റവും വലിയ ജനകീയ പ്രതിഷേധങ്ങളിലൊന്നിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രക്ഷോഭങ്ങളുണ്ടായി. സര്‍ക്കാര്‍ ചിലവില്‍ സിംഗപ്പുരിലെ സ്‌പെഷ്യാലിറ്റി ആസ്പത്രിയിലെത്തിച്ചെങ്കിലും ജ്യോതി സിങ് ഡിസംബര്‍ 29 ന് മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























