ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം:- ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് പൂർണമായി കത്തി നശിച്ച കട...

തഞ്ചാവൂർ പാപനാശത്ത് ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. 33കാരിയായ കോകിലായാണ് മരിച്ചത്. ഫോൺ ചാർജിൽ ഇട്ട് സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കപിസ്ഥലയിൽ മൊബൈൽ ഫോൺ റിപ്പയർ കട നടത്തി വരികയായിരുന്നു ഇവർ. മൊബൈല് ഫോണ് പൊട്ടിത്തെറിച്ച് യുവതി മരിച്ച സംഭവം പ്രദേശത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കടയിലെ തീ അണച്ചത്.
കോകിലയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗരുതരമായി പൊള്ളലേറ്റ് യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. കട മുഴുവൻ കത്തിനശിച്ച നിലയിലാണ്. ഗുരുതരമായി പൊള്ളലേറ്റ കോകില സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സമാനമായ മറ്റൊരു സംഭവം നാസിക്കിലും റിപ്പോർട്ട് ചെയ്തു. ട്ടിനുള്ളിൽ ചാർജിനിട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. തീ പടർന്ന് വീടിനും കാര്യമായ കേടുണ്ടായിട്ടുണ്ട്. സമീപത്തെ റോഡിൽ പാർക്കുചെയ്തിരുന്ന വാഹനങ്ങളുടെ ചില്ലുകകളും തകർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചില വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. സമീപത്തുള്ള ചില വീടുകളുടെ ജനാലകളും തകർന്നു. പരിക്കേറ്റവർ ചികിത്സയിലാണ്.
മഹാരാഷ്ട്രയിലെ നാസിക്കിലെ ഉത്തംനഗർ ഏരിയയിൽ കഴിഞ്ഞദിവസമായിരുന്നു ഉഗ്ര സ്ഫോടനം. വൻ ശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് സമീപത്തായി ഒരു കുപ്പി ഡിയോഡറന്റ് ഉണ്ടായിരുന്നത് സ്ഥിതി കൂടുതൽ വഷളാക്കി. പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു.
ഫർണിച്ചറും ഇലക്ട്രോണിക് ഉത്പന്നങ്ങളും അടക്കം വീട്ടിനുളളിലെ സകലതും കത്തി ചാമ്പലായി. സ്ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാൽ ഇത്രവലിയ സ്ഫോടനത്തിന് കാരണമാകുമോ എന്ന സംശയം പൊലീസിനുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ദിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. നിസാരമായി തള്ളിക്കളിഞ്ഞാൽ വരുന്ന വിപത്തും വലുതായിരിക്കും. ഫോൺ ചാർജ് ചെയ്യുന്നതിനിടെ സംസാരിക്കുകയോ മറ്റെന്തെങ്കിലും രീതിയിൽ ഉപയോഗിക്കുകയോ ചെയ്താൽ മദർബോഡിന്മേലുള്ള സമ്മർദം വർദ്ധിക്കും. ഇത് ഫോണിന്റെ സർക്യൂട്ടിനെ ചൂടുപിടിപ്പിക്കും.
ഇതുകൊണ്ടാണ് ചാർജ് ചെയ്യുന്ന ഫോൺ ഉപയോഗിക്കുമ്പോൾ ചൂടാകുന്നത്. സർക്യൂട്ടിൽ എന്തെങ്കിലും തകരാറുകളുണ്ടെങ്കിൽ ഈ ചൂടുമൂലം ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും അത് ഫോണിലെ ലിഥിയം അയൺ ബാറ്ററിയുടെ സ്ഫോടനത്തിലേക്ക് നയിക്കുകയും ചെയ്യാം. അതിനാൽ ചാർജ് ചെയ്യുന്നതിനിടെ ഫോൺ ഉപയോഗിക്കാൻ പാടുള്ളതല്ല.
100 ശതമാനം ചാർജായി കഴിഞ്ഞ് പിന്നെയും ബാറ്ററിയിലേയ്ക്ക് പ്രവഹിക്കുന്ന വൈദ്യുതി കൈകാര്യം ചെയ്യാനാകാതെ വരുന്നതോടെ ബാറ്ററി ചൂടാകും. ഇത് ഷോർട്ട് സർക്യൂട്ടിലേയ്ക്ക് നയിക്കാം. ഇങ്ങനെ തുടർച്ചയായി ചെയ്താൽ ബാറ്ററി തകരാറിലായി വീർത്തുവരും. ഇങ്ങനെയുള്ള ബാറ്ററികൾക്ക് തീപിടിക്കാനും പൊട്ടിത്തെറിക്കാനുമുള്ള സാദ്ധ്യത കൂടുതലാണ്. ഇങ്ങനെയുള്ള ബാറ്ററികൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അത് മാറ്റി പുതിയത് വാങ്ങി ഉപയോഗിക്കുക.
ഇറുകിയ ജീൻസിന്റെ പോക്കറ്റിൽ ഒരിക്കലും ഫോൺ ഇടാൻ പാടില്ല. ഇത് ഫോൺ ചൂടാകുന്നതിനും ബാറ്ററിയിൽ സമ്മർദമുണ്ടാകുന്നതിനും കാരണമാകുന്നു. ചിലപ്പോൾ പൊട്ടിത്തെറിയിലേയ്ക്കും ഇത് നയിച്ചേക്കാം. ചാർജ് ചെയ്യുന്നതിനിടെ ഫോൺ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചാർജിംഗ് അവസാനിപ്പിക്കണം. കുറച്ച് സമയം മാറ്റി വച്ച് ചൂട് മാറിയ ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക.
നിങ്ങളുടെ ഫോണിൽ ഫാസ്റ്റ് ചാർജിംഗ് സംവിധാനം ഇല്ലെങ്കിൽ ഇത്തരത്തിലുള്ള ചാർജറുകൾ ഉപയോഗിക്കാതിരിക്കുക. ബാറ്ററിക്ക് താങ്ങാനാകുന്നതിലേറെ വോൾട്ടേജ് പെട്ടെന്ന് കയറുമ്പോൾ ഇത് ഫോണിനെ മൊത്തത്തിൽ ബാധിച്ചേക്കാം. ബാറ്ററിയുടെ ചാർജിംഗ് ശേഷിയും നഷ്ടപ്പെട്ടേക്കാം.
ഫോണിന് പോറലുകൾ ഉണ്ടാകാതിരിക്കാൻ വാങ്ങിയിടുന്ന കെയ്സുകൾ വില്ലനായേക്കാം. ചാർജിംഗ് സമയത്ത് ബാറ്ററി ചെറിയ രീതിയിൽ ചൂടാകും. ഇത് സാധാരണമാണ്. ഈ ചൂട് പുറത്ത് കളയുന്നതിന് വേണ്ട പഴുതുകൾ ഫോണുകളിൽ ഉണ്ടായിരിക്കും. പല കെയ്സ് നിർമാതാക്കളും ഇക്കാര്യം ശ്രദ്ധിക്കാറില്ല. അതിനാൽ കെയ്സിലിട്ട് ചാർജ് ചെയ്യുന്ന ശീലമുണ്ടെങ്കിൽ അത് ശ്രദ്ധിക്കുക.
https://www.facebook.com/Malayalivartha