പഞ്ചാബില്‍ പത്താന്‍കോട്ട് എയര്‍ബേസില്‍ ഭീകരാക്രമണം; ഏറ്റുമുട്ടലില്‍ രണ്ടു സൈനികരും 4 ഭീകരരും കൊല്ലപ്പെട്ടു

പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രത്തിനു നേരെ ഭീകരാക്രമണം. ആറു മണിക്കൂറിലധികം നീണ്ടുനിന്ന വെടിവയ്പ്പില്‍ നാലു ഭീകരരെ വധിച്ചു. രണ്ടു വ്യോമസേന ഉദ്യോഗസ്ഥര്‍ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ വ്യോമസേനാ കേന്ദ്രത്തിലെ അഞ്ചു ജീവനക്കാര്‍ക്കു പരുക്കേറ്റു. ഭീകരരും സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചു. അതേസമയം, കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോയെന്ന് അറിയുന്നതിനായുള്ള തിരച്ചില്‍ തുടരുകയാണ്.
പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ആക്രമണം. എസ്പിയുടെ ഔദ്യോഗിക വാഹനം തട്ടിയെടുത്ത് സൈനിക വേഷത്തിലാണ് ഭീകരര്‍ വ്യോമസേനാ കേന്ദ്രത്തില്‍ പ്രവേശിച്ചത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രമകലെയാണ് പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രം. പുതുവര്‍ഷത്തില്‍ ഇവിടെ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു.
മിഗ് 29 വിമാനങ്ങളും ഹെലിക്കോപ്റ്ററുകളുമുള്ള കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. വിമാനങ്ങള്‍ സൂക്ഷിച്ച സാങ്കേതിക മേഖല സുരക്ഷിതമാണെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായും അവര്‍ വ്യക്തമാക്കി.
ഭീകരരെ നേരിടാന്‍ എന്‍എസ്ജിയുടെ സഹായം തേടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. എയര്‍ബേസിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ അടച്ച ശേഷം ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രാദേശിക ബ്രിഗേഡ് കമാന്‍ഡറുടെ നേതൃത്വത്തില്‍ സൈന്യമാണ് തിരച്ചില്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പഞ്ചാബിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ആക്രമണം നടന്ന് ആറുമാസങ്ങള്‍ പിന്നിട്ടപ്പോഴാണ് വ്യോമസേന കേന്ദ്രത്തിലെ ആക്രമണം. ഗുര്‍ദാസ്പൂര്‍ ആക്രമണത്തില്‍ മൂന്നു പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























