പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തില്‍ ഭീകരാക്രമണം; തിരച്ചിലിനിടെ സൈനികര്‍ക്കു നേരെ വീണ്ടും വെടിവയ്പ്

ഭീകരാക്രമണം നടന്ന പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന കേന്ദ്രത്തിനു സമീപം തിരച്ചില്‍ നടത്തുന്നതിനിടെ സൈനികര്‍ക്കു നേരെ വീണ്ടും വെടിവയ്പ്. ദേശീയ സുരക്ഷാ സേനയുടെ(എന്‍എസ്ജി) നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. അഞ്ചാമതൊരു ഭീകരന്‍ കൂടി ഇവിടെ ഒളിഞ്ഞിരിക്കുന്നതായി സംശയിക്കുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. തിരച്ചിലിനിടെ ശക്തമായ രണ്ടു സ്‌ഫോടന ശബ്ദവും കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പുലര്‍ച്ചെ മൂന്നരയോടെ വ്യോമസേന കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തില്‍ നാലു ഭീകരരും മൂന്നു സൈനികരും കൊല്ലപ്പെട്ടിരുന്നു.
അതിര്‍ത്തി കടന്നെത്തിയ ഭീകരസംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ നിന്ന് വെറും 50 കിലോമീറ്റര്‍ മാത്രം അകലെയാണ് പാത്താന്‍കോട്ട് വ്യോമസേന കേന്ദ്രം. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്ന് പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ളയുള്ള നരോത്ത് ജയ്മല്‍ സിങ് മേഖലയില്‍ വച്ച് പൊലീസ് സുപ്രണ്ടിന്റെ വാഹനം തട്ടിയെടുത്താണ് ഭീകരര്‍ വ്യോമസേന കേന്ദ്രത്തിലെത്തിയത്. പഞ്ചാബ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി മേഖലയായ പത്താന്‍കോട്ടില്‍ ഒരു സൈനിക കന്റോണ്‍മെന്റും വ്യോമസേനാ കേന്ദ്രവുമാണുളളത്. പുതുവര്‍ഷത്തില്‍ ഇവിടെ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു.
മിഗ് 29 വിമാനങ്ങളും ഹെലിക്കോപ്റ്ററുകളുമുള്ള കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. പാക്ക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിനു പിന്നലെന്ന് സംശയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ ലഹോറില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പാക് പ്രധാനമന്ത്രി നവാസ് ഷെറീഫുമായി ചര്‍ച്ച നടത്തിയ ശേഷം പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ ഉരുത്തിരിഞ്ഞ സൗഹൃദാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഭീകരാക്രമണമെന്നത് ശ്രദ്ധേയമാണ്.
ഭീകരാക്രമണത്തെത്തുടര്‍ന്ന് പത്താന്‍കോട്ട്ജമ്മു ദേശീയപാതയില്‍ വാഹനങ്ങള്‍ കര്‍ശനപരിശോധനയ്ക്കു ശേഷമാണ് കടത്തിവിടുന്നത്. പഞ്ചാബിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കി. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ആക്രമണമുണ്ടായി ആറുമാസം പിന്നിട്ടപ്പോഴാണ് വ്യോമസേനാ കേന്ദ്രത്തിലെ ആക്രമണം. ഗുര്‍ദാസ്പൂര്‍ ആക്രമണത്തില്‍ മൂന്നു പ്രദേശവാസികളാണ് കൊല്ലപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















