ചെന്നൈയില്‍ മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തതു മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന്

ഇന്ത്യയൊട്ടാകെ രോഹിത് വെമുലയുടെ ആത്മഹത്യക്കു പിന്നാലെയുള്ള വിവാദങ്ങള്‍ അവസാനിക്കുംമുമ്പ് തമിഴ്‌നാട്ടില്‍ മൂന്നു വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കൂടുതല്‍ ഫീസ് ഈടാക്കിയുള്ള മാനേജ്‌മെന്റിന്റെ നടപടിയില്‍ മനംനൊന്താണു വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യ ചെയ്തത്.
തമിഴ്‌നാട്ടിലെ വിഴുപ്പുരത്താണു സംഭവം. എസ്.വി മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ വി.പ്രിയങ്ക, ടി.മോനിഷ, ഇ.ശരണ്യ എന്നിവരെയാണ് കഴിഞ്ഞ ദിവസം കിണറ്റില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചുരിദാറിന്റെ ഷാളു കൊണ്ട് പരസ്പരം ബന്ധിച്ച ശേഷമായിരുന്നു മൂവരും കോളേജിന് സമീപത്തെ കിണറ്റിലേക്ക് ചാടിയത്. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി.
തങ്ങളില്‍ നിന്ന് ആറു ലക്ഷം രൂപയാണു കോളേജില്‍ പ്രവേശന സമയത്ത് മാനേജ്‌മെന്റ് വാങ്ങിയതെന്നും പിന്നീട് കൂടുതല്‍ ഫീസ് ആവശ്യപ്പെട്ടതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. വാങ്ങിയ ഫീസിന് രസീതും നല്‍കിയിരുന്നില്ല. ഇത് ചോദിച്ച തങ്ങളെ മാനേജര്‍ വാസുകി അധിക്ഷേപിച്ചു. കോളേജില്‍ പഠിക്കുന്നതിനെക്കാള്‍ ആശുപത്രിയില്‍ ജോലി ചെയ്യാനാണ് മാനേജ്‌മെന്റ് നിര്‍ബന്ധിച്ചിരുന്നത്. തങ്ങളുടെ മരണത്തിന് ഉത്തരവാദികള്‍ മാനേജ്‌മെന്റാണെന്നും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.
ആത്മഹത്യക്കുറിപ്പില്‍ പേരുണ്ടായതോടെ വാസുകി ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വാസുകിയുടെ മകനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.
വ്യാപക പരാതിയാണു കോളേജിനെ കുറിച്ച് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യാക്കുറിപ്പില്‍ ഉന്നയിക്കുന്നത്. മതിയായ സൗകര്യങ്ങള്‍ കോളേജില്‍ ഇല്ലായിരുന്നു. യോഗ്യരായ അദ്ധ്യാപകരുടേയും അഭാവം ഉണ്ടായിരുന്നു. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് പഠിപ്പിച്ചിരുന്നത് എന്ന ഗുരുതര ആരോപണവും കത്തിലുണ്ട്. വേണ്ടത്ര അദ്ധ്യാപകരില്ലാത്തതിനെതിരേ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വര്‍ഷം സമരവും നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























